മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു ഇവർ ബുക്ക് ചെയ്തത്. ബോബി ചലപതി എന്നയാളാണ് ഇവർക്കായി റൂമുകൾ ബുക്ക് ചെയ്തത്. ഇയാളെ കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നീ ചലച്ചിത്ര താരങ്ങളും ബൈജു, അനൂപ്, ഡോൺ ലൂയിസ്, അരുൺ, അലോഷ്യ, സ്‌നേഹ, ടിപ്‌സൺ, ശ്രീദേവി, രൂപ,പപ്പി തുടങ്ങിയവരാണ് ഹോട്ടൽ റൂമുകളിൽ ഓം പ്രകാശിനെ കാണുന്നതിനായി എത്തിയതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾ കൊക്കെയ്ൻ സംഭരിച്ച് ഡിജെ പാർട്ടിയിൽ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് മനസ്സിലാക്കിയതായും പോലീസ് അറിയിച്ചു. വിദേശത്ത് നിന്നടക്കം കൊക്കെയ്ൻ കൊണ്ടുവന്ന് ഇവർ എറണാകുളത്തും മറ്റു ജില്ലകളിലും ഡിജെ പാർട്ടികളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓംപ്രകാശി (44)നെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസി (36) നെയുമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഹോട്ടൽ മുറികളിൽ നിന്ന് കൊക്കെയ്‌നും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.