മുൾട്ടാൻ: പാകിസ്ഥാന്റെ കൂറ്റൻ സ്കോറിന് അതുക്കും മേലെ മറുപടി നൽകിയ ഇംഗ്ലണ്ട് മുൾട്ടാൻ ടെസ്റ്റിൽ ജയത്തിലേക്ക്. പാകിസ്ഥാൻ ബൗളർമാരെ കൊണ്ട് 150 ഓവർ ബൗൾ ചെയ്യിപ്പിച്ച ഇംഗ്ലണ്ട് അടിച്ചെടുത്തത് 823 റൺസ്. 267 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷം ഡിക്ലയർ ചെയ്യുകയായിരുന്നു സന്ദർശകർ. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാനെ തുറിച്ച് നോക്കുകയാണ് ഇന്നിംഗ്സ് തോൽവി. നാലം ദിനം കളി നിർത്തുമ്ബോൾ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ് പാകിസ്ഥാൻ.
ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ അവസാന ദിവസം നാല് വിക്കറ്റുകൾ മാത്രം ശേഷിക്കെ 115 റൺസ് കൂടി വേണം. ഒരു ഘട്ടത്തിൽ 82ന് ആറ് എന്ന നിലയിൽ കളി ഇന്ന് തന്നെ അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 7ാം വിക്കറ്റിൽ ആഗ സൽമാൻ (41), ആമിർ ജമാൽ (27) എന്നിവർ പൊരുതി നിന്നത് പാകിസ്ഥാന് ജീവൻ അഞ്ചാം ദിനത്തിലേക്ക് നീട്ടി നൽകി. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ അബ്ദുള്ള ഷഫീഖ് (0) പുറത്തായി. ക്യാപ്റ്റൻ ഷാൻ മസൂദ് (11), സയീം അയൂബ് (25), ബാബർ അസം (5), സൗദ് ഷക്കീൽ (29) മുഹമ്മദ് റിസ്വാൻ (10) എന്നിവരാണ് പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ മൂന്നാം ദിവസത്തെ സ്കോറായ 3ന് 492 എന്ന നിലയിൽ നാലാം ദിനം ബാറ്റിംദ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് (317) ട്രിപ്പിൾ സെഞ്ച്വറിയും ജോ റൂട്ട് (262) ഇരട്ട സെഞ്ച്വറിയും നേടി. ഇരുവരുടെയും തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് റൺമല പണിതത്. ജേമി സ്മിത്ത് (31), ക്രിസ് വോക്സ് (17) റൺസ് വീതവും നേടി. നേരത്തെ സാക് ക്രൗളി, ബെൻ ഡക്കറ്റ് എന്നിവർ ഇംഗ്ലണ്ടിന് വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടിയിരുന്നു.