മുള്‍ട്ടാൻ: ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിനിടയിലെ ആദ്യ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് മുള്‍ട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയം.ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സ് നേടിയിട്ടും ആതിഥേയരായ പാകിസ്താന് മത്സരത്തില്‍ തോല്‍ക്കേണ്ടി വന്നു. അതും ഇന്നിങ്സ് തോല്‍വി. ഒന്നാം ഇന്നിങ്സില്‍ 500 റണ്‍സ് നേടിയ ഒരു ടീം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്നിങ്സ് തോല്‍വി വഴങ്ങുന്നത്.അബ്ദുള്ള ഷഫീഖ്, ക്യാപ്റ്റൻ ഷാൻ മസൂദ്, ആഗ സല്‍മാൻ ത്രയങ്ങളുടെ സെഞ്ചുറി മികവില്‍ പാകിസ്താൻ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് പക്ഷേ, അതിലും മികവോടെ ബാറ്റുവീശി. ഹാരി ബ്രൂക്ക് ത്രിബിള്‍ സെഞ്ചുറി (322 പന്തില്‍ 317) കുറിച്ചപ്പോള്‍, ജോ റൂട്ട് ഡബിള്‍ സെഞ്ചുറിയുമായും (262) കളം നിറഞ്ഞു. ഇതോടെ ഇംഗ്ലണ്ട് ഏഴിന് 823 എന്ന കൂറ്റൻ സ്കോറില്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 220 റണ്‍സിന് തകർന്നുവീഴുന്ന കാഴ്ചയാണ് രണ്ടാം ഇന്നിങ്സില്‍ കണ്ടത്. ഇതോടെ പാകിസ്താന് ഇന്നിങ്സ് തോല്‍വി വഴങ്ങേണ്ടിവന്നു.ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് 454 റണ്‍സുമായി ക്രീസില്‍ മതില്‍ക്കെട്ട് തീർത്തതാണ് പാകിസ്താന്റെ പരാജയത്തിന് കാരണമായത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ആകെ കണക്കില്‍ നാലാമത്തെയും മികച്ച കൂട്ടുകെട്ടാണിത്. ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റും പാകിസ്താൻ തോറ്റിരുന്നു. ഇതോടെ ക്യാപ്റ്റൻ ഷാൻ മസൂദിന് കീഴില്‍ തുടർച്ചയായി ആറ് ടെസ്റ്റുകളാണ് പാകിസ്താൻ തോല്‍ക്കുന്നത്. ഓസ്ട്രേലിയയോട് 3-0ന്, ബംഗ്ലാദേശിനോട് 2-0ന് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരെയും തോല്‍വി വഴങ്ങി. സ്വന്തം ഗ്രൗണ്ടില്‍ 2022-ന് ശേഷം ഒരു ടെസ്റ്റ് വിജയിക്കാത്ത ഒരേയൊരു രാജ്യമാണ് പാകിസ്താൻ. ഒക്ടോബർ 15-ന് ഇതേ വേദിയിലാണ് അടുത്ത മത്സരം.