ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിലെ ഇന്ത്യയുടെ ഉഗ്രൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറി ആയിരുന്നു. 47 പന്തുകളിൽ 111 റൺസാണ് സഞ്ജു സാംസൺ മത്സരത്തിൽ നേടിയത്. 11 ബൗണ്ടറികളും 8 സിക്സറുകളും സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ വിജയത്തോടെ 3-0 എന്ന നിലയിൽ പരമ്ബര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണെ തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തത്. തന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഉറച്ചുനിന്ന് മികവ് പുലർത്താനാണ് മത്സരത്തിൽ ശ്രമിച്ചത് എന്ന് സഞ്ജു പറയുകയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീലങ്കയ്ക്കെതിരായ 2 മത്സരങ്ങളിലും തുടർച്ചയായി പൂജ്യനായി പുറത്തായിട്ടും ടീം മാനേജ്മെന്റ് തനിക്ക് വലിയ പിന്തുണ നൽകി എന്ന് സഞ്ജു പറയുന്നു. അത് വലിയ ഭാഗ്യമായി തന്നെ താൻ കാണുന്നു എന്നാണ് സഞ്ജു കൂട്ടിചേർത്തത്. ‘വലിയ ഊർജ്ജമാണ് എനിക്ക് ഡ്രസിങ് റൂമിൽ നിന്ന് ലഭിക്കുന്നത്. സഹതാരങ്ങളൊക്കെയും എന്റെ കാര്യത്തിൽ ഇപ്പോൾ വലിയ സന്തോഷവാന്മാരാണ്. പലമത്സരങ്ങളിലും വേണ്ടരീതിയിൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കാതെ വരുമ്ബോൾ നിരാശ തോന്നാറുണ്ട്. കൂടുതൽ നന്നായി കളിക്കാൻ സാധിക്കുമായിരുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് കുറച്ചധികം അനുഭവസമ്ബത്തുണ്ട്. അതുകൊണ്ടു തന്നെ സമ്മർദ്ദത്തിനെതിരെ എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്ക് അറിയാം.’- സഞ്ജു പറയുന്നു.
‘രാജ്യത്തിനായി നമ്മൾ എപ്പോൾ കളിക്കാൻ ഇറങ്ങിയാലും നമുക്ക് മുൻപിൽ ഒരുപാട് സമ്മർദ്ദമുണ്ടാകും. ഇന്നും ആ സമ്മർദ്ദം അവിടെയുണ്ടായിരുന്നു. പക്ഷേ എനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കണമായിരുന്നു. എന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്ന് ഞാൻ എന്നെ തന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. അവസാന ട്വന്റി20 പരമ്ബരയിൽ 2 മത്സരങ്ങളിൽ ഞാൻ പൂജ്യനായി പുറത്തായി. പക്ഷേ ടീം മാനേജ്മെന്റ് എനിക്ക് വലിയ പിന്തുണയാണ് നൽകിയത്.’- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. മത്സരത്തിന്റെ പത്താം ഓവറിൽ 5 സിക്സറുകൾ സഞ്ജു നേടിയിരുന്നു. ഇത് തന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്നും സഞ്ജു പറഞ്ഞു.
‘കുറച്ചധികം നാളുകളായി ഓരോവരിൽ 5 സിക്സറുകൾ സ്വന്തമാക്കാനായി ഞാൻ ശ്രമിക്കുന്നു. ഒരുപാട് നാളത്തെ സ്വപ്നമാണത്. അത് ഇന്ന് സംഭവിച്ചു.’- സഞ്ജു സാംസൺ പറഞ്ഞുവെക്കുന്നു. പരമ്ബരയിലെ ആദ്യ മത്സരത്തിൽ 19 പന്തുകളിൽ 29 റൺസാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസ് മാത്രമേ സഞ്ജുവിന് നേടാൻ സാധിച്ചുള്ളൂ. അതുകൊണ്ടു തന്നെ മൂന്നാം മത്സരത്തിന് സഞ്ജുവിന്റെ പ്രകടനം വളരെ നിർണായകമായിരുന്നു. എന്നാലും മൂന്നാം മത്സരത്തിൽ ഈ വെടിക്കെട്ട് സെഞ്ചുറിയോടെയാണ് സഞ്ജു തന്റെ വിമർശകരുടെ വായ അടപ്പിച്ചത്.