ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസണിന്റെ മിന്നൽ സെഞ്ച്വറി ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ആകെ ചർച്ചയാണ്. സഞ്ജു 3.0 എന്നാണ് ഈ ഇന്നിംഗ്സിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൽ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നത്. 47 പന്തിൽ 111 റൺസാണ് അദ്ദേഹം എടുത്തിരിക്കുന്നത്. സഞ്ജുവിന്റെ സ്ഥിരം വിമർശകനായ സുനിൽ ഗാവസ്‌കർ പോലും ഗംഭീര ഇന്നിംഗ്സെന്നാണ് ഹൈദരാബാദിലേതെന്ന് അഭിപ്രായപ്പെട്ടു. സഞ്ജുവിനെ അത്രത്തോളം വിമർശിച്ചതിന് ഇപ്പോൾ മലയാളി ആരാധകർ ഗാവസ്‌കറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം മത്സരത്തിലെ താരമായതും സഞ്ജുവായിരുന്നു.
അതേസമയം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ ഇന്നിംഗ്സിന് പിന്നിലെ രഹസ്യവും സഞ്ജു വെളിപ്പെടുത്തി. ഗൗതം ഗംഭീറാണ് തന്റെ ഈ വലിയ ഇന്നിംഗ്സിന് കാരണമെന്ന് സഞ്ജു പറഞ്ഞു. തന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് കൃത്യമായ ധാരണ തന്നത് ഗംഭീറാണ്. ക്യാപ്റ്റൻ സൂര്യകുമാറും അതോടൊപ്പം പിന്തുണ തന്നു. അതുകൊണ്ട് ബംഗ്ലാദേശ് പരമ്ബരയ്ക്കായി നല്ല രീതിയിൽ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചുവെന്ന് സഞ്ജു വെളിപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമ്ബര തുടങ്ങുന്നതിന് മൂന്നാഴ്ച്ച മുമ്ബ് ഇന്ത്യൻ ടീമിന്റെ നേതൃനിരയിൽനിന്ന് എനിക്ക് ഒരു മെസേജ് വന്നിരുന്നു. ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് ഞാനായിരിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിക്കുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ടീമിൽ ഉണ്ടെന്ന് നേരത്തെ അറിയാൻ സാധിച്ചത് കൊണ്ട് കൂടുതൽ നല്ല രീതിയിൽ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. രാജസ്ഥാൻ റോയൽസ് അക്കാദമിയിലാണ് പരിശീലനത്തിനായി പോയത്. ഇവിടെ ന്യൂ ബോളുകൾ കളിക്കാറുണ്ടായിരുന്നു. ഇത് ശരിക്കും ഗുണം ചെയ്തു. മറ്റ് പരമ്ബരകളിൽ ചെയ്യുന്നതിനേക്കാൾ പത്ത് ശതമാനം അധികം മുന്നൊരുക്കമാണ് ഈ പരമ്ബരയിൽ ലഭിച്ചതെന്നും സഞ്ജു പറഞ്ഞു.
ഗംഭീറും സൂര്യകുമാറുമാണ് തന്നെ പിന്തുണച്ചതെന്ന് സഞ്ജു പറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ രണ്ട് തവണ പൂജ്യത്തിന് പുറത്തായതോടെ ബംഗ്ലാദേശിനെതിരെ ഞാൻ കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ടീം ലീഡർഷിപ്പ് തന്നെ പിന്തുണച്ചതായും സഞ്ജു വ്യക്തമാക്കി. എല്ലാ പിന്തുണയും ഡ്രസ്സിങ് റൂമിനും ലീഡർഷിപ്പ് ഗ്രൂപ്പിനുമാണ് നൽകേണ്ടത്. എല്ലാ തവണയും പോലെ ക്യാപ്റ്റനും പരിശീലകനും എന്നെ പിന്തുണച്ചു. എന്തുതന്നെ സംഭവിച്ചാലും നിന്നെ ഞങ്ങൾ പിന്തുണയ്ക്കും. ഒരു ബാറ്റിംഗ് ഗ്രൂപ്പെന്ന നിലയിൽ, വലിയൊരു ടീമെന്ന നിലയിൽ ഞങ്ങൾ കെട്ടുറപ്പുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് കരുതുന്നത്.
ടി20 മത്സരങ്ങളിൽ ഇതുപോലെ എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്താനാണ് ആഗ്രഹിക്കുന്നത്. ഓപ്പണിംഗ് മുതൽ ആറാം നമ്ബർ വരെയുള്ള ഏത് പൊസിഷനിലും ഞാൻ ബാറ്റ് ചെയ്യും. അതിനുള്ള കരുത്തുണ്ടെന്നാണ് വിശ്വസിക്കുന്നത്. കൃത്യമായ ടൈമിംഗും ലഭിച്ചുവെന്ന് സഞ്ജു പറഞ്ഞു.