ഷാർജ: വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. നിർണ്ണായക മത്സരത്തിൽ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ തുലാസിലായി. ടോസ് നേടിയ ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഗ്രേസ് ഹാരിസ് (40), തഹില മഗ്രാത്ത് (32), എലീസ പെറി (32) എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പിന് ഒടുവിൽ ബാറ്റിംങിൽ ഓസ്‌ട്രേലിയ 20 ഓവറിൽ 151 ൽ എത്തി. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംങും, ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതവും ശ്രേയങ്കയും പൂജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും വിജയം നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കൊപ്പം നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഷെഫാലി വർമ്മ (20), ഹർമ്മൻ പ്രീത് കൗർ (54), ദീപ്തി ശർമ്മ (29) എന്നിവർ തിളങ്ങി. എന്നാൽ, അവസാന ഓവറിൽ വീണ വിക്കറ്റുകൾ നിർണ്ണായകമായി. ഇതോടെ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യയ്ക്ക് 142 റൺ മാത്രമാണ് എടുക്കാനായത്. ഇതോടെ ഇന്ത്യയ്ക്ക് ആറു റണ്ണിന്റെ പരാജയം. നാലു കളികളിൽ രണ്ട് വിജയവും രണ്ട് തോൽവിയുമായി ഇന്ത്യയ്ക്ക് നാല് പോയിന്റായി. എന്നാൽ, നാളെ ന്യൂസിലൻഡ് പാക്കിസ്ഥാനെ തോൽപ്പിച്ചാൽ ഇന്ത്യ പുറത്താകും. നിലവിൽ ന്യൂസിലൻഡിന് നാലു പോയിന്റുണ്ട്. പാക്കിസ്ഥാനെതിരെ വിജയിച്ചാൽ ആറു പോയിന്റോടെ ഇവർ സെമിയിൽ കടക്കും. ഇന്ത്യ പുറത്തും.