തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക് സംഘം തൃശിവപേരൂർ മഹാനഗരത്തിന്റെ പഥസഞ്ചലനം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ സമാപിച്ചതിന് പിന്നാലെ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് ഔസേപ്പച്ചനായിരുന്നു.
‘ഇവിടെ വന്നപ്പോൾ സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി. സംഗീതജ്ഞർ എപ്പോഴും പറയുന്നതാണ് അച്ചടക്കം വേണമെന്ന്. അതിന് വേണ്ടി പരിശ്രമിക്കാറുമുണ്ട്. പക്ഷെ ഇതുപോലൊരു അച്ചടക്കം എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ഒരുവേളയിൽ പോലും നിങ്ങളുടെ കൈകൾ അനാവശ്യമായി ചലിക്കുകയോ, അനാവശ്യമായി നിങ്ങൾ സംസാരിക്കുകയോ ചെയ്യുന്നത് കണ്ടില്ല. ഇവിടെ പ്രഹസനങ്ങളില്ല. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടുമില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തിനാണോ വന്നിരിക്കുന്നത് അതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശീലിക്കുക. നമ്മുടെ ശ്രദ്ധ വ്യതിചലിക്കാതെ ശീലിക്കുക. അതാണ് സംഘപ്രവർത്തകർ ചെയ്യുന്നത്. ഇതേ ചിന്ത വേരൂന്നി ഉറപ്പിക്കാൻ ശ്രമിക്കുന്നവരാണ് സംഗീതജ്ഞരും. അതുകൊണ്ടുതന്നെ ഇവിടെ കണ്ട പലകാര്യങ്ങളും ഞാനുമായി ബന്ധമുള്ളതായി തോന്നി.
45 വർഷമായി യോഗ ചെയ്യുന്നയാളാണ് ഞാൻ. ആ യോഗയും ഇവിടെ കാണാൻ കഴിഞ്ഞു. ഒരു ദിവസം 12 കിലോമീറ്റർ നടക്കുന്ന വ്യക്തിയാണ്. ഞാൻ ചെയ്യുന്ന പ്രവൃത്തി നല്ലപോലെ പൂർത്തീകരിക്കാനുള്ള ആരോഗ്യമുണ്ടാകുന്നതിന് വേണ്ടിയാണ് ഈ വ്യായാമങ്ങളെല്ലാം ചെയ്യുന്നത്. നന്നായി ജോലി ചെയ്യാൻ നല്ല മനശക്തി വേണം. മനസിന് കെട്ടുറപ്പ് വേണം. അതിന് വേണ്ടിയാണ് ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത്. അതുതന്നെയാണ് സംഘപ്രവർത്തകരും ഇവിടെ ചെയ്യുന്നത്. നിങ്ങൾ ശരീരം ഭംഗിയാക്കുന്നു, മനസ് ശുദ്ധമാക്കുന്നു. അതിന് വേണ്ടത് ചെയ്യുന്നു. – ഔസേപ്പച്ചൻ പറഞ്ഞു.