തിരുവനന്തപുരം : തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ നടിയുമായി ഒരു സൗഹൃദവുമില്ല. 2008 ല്‍ രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.
2013 ല്‍ തൊടുപുഴയില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ല്‍ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു.