തനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് സരിൻ; രാഹുലിനെ പിന്തുണച്ചത് ഷാഫിയും കോൺഗ്രസ് നടത്തിയ സർവ്വേയും

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും ജയിക്കാൻ സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ച്‌ മുന്നേറിയ കോണ്‍ഗ്രസിന് തിരിച്ചടിയായി പി സരിൻ്റെ അമർഷം. പത്തനംതിട്ട ജില്ലക്കാരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം സരിൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്നലെ രാത്രി സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നത് വരെ പ്രതീക്ഷയിലായിരുന്നു സരിൻ.

Advertisements

യൂത്ത് കോണ്‍ഗ്രസ് നേതാവെന്നതും പാലക്കാട് ജില്ലയില്‍ നിന്നുള്ള യുവ നേതാവെന്നതും തനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മറുവശത്ത് പാലക്കാട് വിട്ട് വടകര എംപിയായി ജയിച്ച്‌ കയറിയ ഷാഫി പറമ്പിലിൻ്റെ പിന്തുണയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് തുണയായത്. എഐസിസി നിർദ്ദേശപ്രകാരം നടത്തിയ സ‍ർവേയില്‍ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനാണ് ജയസാധ്യത പ്രവചിക്കപ്പെട്ടത്. സംസ്ഥാന സർക്കാരിനെതിരെ നിരന്തര സമരവുമായി മുന്നോട്ട് പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരില്‍ ആവേശമുളവാക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ബിജെപി ഉയർത്തുന്ന വെല്ലുവിളി കൂടി മറികടക്കാൻ പാലക്കാട് ജില്ലക്കാരായ സ്ഥാനാർത്ഥി തന്നെ വേണമെന്ന ആവശ്യം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ ഉയർത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ അത് സംസ്ഥാന നേതൃത്വം ചെവിക്കൊണ്ടില്ല. ഇത് സംബന്ധിച്ച്‌ വന്ന വാർത്തകളോട് രൂക്ഷമായാണ് യൂത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലാകെ പ്രതികരിച്ചത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിൻ്റെ സോഷ്യല്‍ മീഡിയ കണ്‍വീനറുമായ പി സരിൻ ഇന്ന് രാവിലെ വാർത്താ സമ്മേളനം വിളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ മറ്റെല്ലാ നേതാക്കളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചപ്പോള്‍ സരിൻ്റെ പ്രൊഫൈലില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന യാതൊരു സൂചനയും ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന യുവ നേതാവ് പാർട്ടി നേതൃത്വവുമായി ഉടഞ്ഞത് പുറത്തായത് ഇതോടെയാണ്. തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വാഗതമോതാൻ വിളിച്ച വാർത്താ സമ്മേളനത്തില്‍ നിന്ന് ഷാഫി പറമ്പില്‍ പിന്മാറി.

സരിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഷാഫി പറമ്പിലും കോണ്‍ഗ്രസ് നേതൃത്വവും. അതേസമയം സാഹചര്യം പരിശോധിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൻ്റെ അവൈലബിള്‍ യോഗവും ചേരുന്നുണ്ട്. സരിൻ വിമത നീക്കം നടത്തില്ലെന്ന പ്രതീക്ഷ വികെ ശ്രീകണ്ഠൻ എംപി പങ്കുവച്ചപ്പോള്‍ കൂടുതല്‍ വ്യക്തത വന്ന ശേഷം പ്രതികരിക്കാമെന്നായിരുന്നു രമ്യ ഹരിദാസിൻ്റെ മറുപടി. സരിൻ്റെ നിലപാട് കാത്തിരിക്കുകയാണ് സിപിഎം. ഇതുവരെ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് മത്സരത്തിനിറങ്ങുമോ അല്ല, പാ‍ർട്ടിക്കൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ജയത്തിനായി പ്രവർത്തിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Hot Topics

Related Articles