തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മോകേരി. മുതിര്‍ന്ന സിപിഐ നേതാവായ സത്യൻ മോകേരിയെ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനമെടുത്തത്. സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
വൈകിട്ട് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. പ്രിയങ്ക ഗാന്ധിയെ നേരിടാൻ വനിത സ്ഥാനാര്‍ത്ഥി തന്നെ എത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും വയനാട്ടില്‍ മുമ്പ് മത്സരിച്ചിട്ടുള്ള സത്യൻ മോകേരിയെ തന്നെ നിയോഗിക്കാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. വയനാട്ടിലെ സത്യൻ മോകേരിയുടെ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സത്യൻ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുൻ സ്ഥാനാര്‍ഥിയായിരുന്നു എന്നുമാണ് സത്യൻ മൊകേരിക്ക് അനുകൂലമായത്. 2014ല്‍ വയനാട്ടില്‍ മത്സരിച്ച സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്നു തവണ എംഎല്‍എയുമായിരുന്നു. നിലവില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. വയനാട്ടില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസില്‍ നിന്ന് സീറ്റ് വാങ്ങിയ ബിജെപി കെ സുരേന്ദ്രനെയാണ് മത്സരത്തിനിറങ്ങിയത്.
ഇന്ന് വയനാട്ടില്‍ ബിജെപിയുടെ യോഗം ചേരുന്നുണ്ട്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതായിരിക്കുമെന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. വയനാട്ടിലും പാലക്കാടും ചേലക്കരയിലുമായി മൂന്നു വീതം പേരുകളാണ് ബിജെപി പരിഗണിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.