കല്‍പ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാടിന് പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്കായി കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നല്‍കിയതാണെന്നും ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവർത്തിച്ചു.
നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തില്‍ സർക്കുലർ ഇറക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെളളിയാഴ്ച പരിഗണിക്കാനായി മാറ്റി.