തിരിച്ചടി തിരിച്ചറിഞ്ഞ് ഇന്ത്യൻ പ്രതിരോധം; അവസാന പന്തിൽ കോഹ്ലി വീണു; രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയിൽ ഇന്ത്യയെ ഭയപ്പെടുത്തി കിവീസ്; ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് ആവേശത്തിലേയ്ക്ക്

ബംഗളൂരു: ആദ്യ ഇന്നിംങ്‌സിലെ ബാറ്റിംങ് തകർച്ചയ്ക്ക് മൂന്നാം ദിനം പ്രായശ്ചിതം ചെയ്ത ഇന്ത്യൻ ബാറ്റർമാർ പൊരുതി നിന്നതോടെ ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് ആവേശത്തിലേയ്ക്ക്. വിജയം അതി വിദൂര സാധ്യതയായി അവശേഷിയ്ക്കുന്ന ടെസ്റ്റിൽ ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിലെ അവസാന പന്തിൽ തിരിച്ചടിയായി വിരാട് കോഹ്ലിയെ നഷ്ടപ്പെട്ടു. 102 പന്തിൽ എട്ടു ഫോറും ഒരു സിക്‌സറും സഹിസം 70 റണ്ണെടുത്ത് ഇന്ത്യൻ പ്രതിരോധത്തിന് നെടുനായകത്വം വഹിച്ചു നിൽക്കെയാണ് ഗ്ലെൻ ഫിലിപ്പ്‌സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടി നൽകി കോഹ്ലി മടങ്ങിയത്. കോഹ്ലിയും സർഫാസും (70) ചേർന്നു നടത്തിയ ചെറുത്ത് നിൽപ്പ് ഇന്ത്യയെ കളിയിലേയ്ക്കു തിരികെ കൊണ്ടു വരുന്നതിനിടെയാണ് ഫിലിപ്പ്‌സിന്റെ പന്തിൽ മിസ് ജഡ്ജ് ചെയ്ത് കോഹ്ലി പുറത്തായത്.

Advertisements

ഇന്നു രാവിലെ മൂന്നാം ദിനത്തിൽ കളി പുനരാരംഭിച്ചപ്പോൾ ന്യൂസിലൻഡ് ചെറുത്തു നിൽക്കാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ബുംറയും സിറാജും ജഡേജയും കുൽദീപും ഒരറ്റത്ത് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, 180 ന് മൂന്ന് എന്ന നിലയിൽ നിന്നും 233 ന് ഏഴ് എന്ന നിലയിലേയ്ക്ക് ന്യൂസിലൻഡ് പതിച്ചു. എന്നാൽ, സെഞ്ച്വറി നേടി ഒരറ്റത്ത് പൊരുതി നിന്ന രചിൻ രവീന്ദ്ര (157 പന്തിൽ 134)യും 73 പന്തിൽ 65 റണ്ണെടുത്ത ടിം സൗത്തിയും ചേർന്ന് ഇന്ത്യൻ തിരിച്ചുവരവ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. രണ്ടു പേരും ചേർന്ന് ടീം സ്‌കോർ 370 ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. വാലറ്റത്ത് അജാസ് പട്ടേലിനെ (4) നോക്കി നിർത്തി കത്തിക്കയറിയ രചിൻ ടീം സ്‌കോർ 400 കടത്തിയ ശേഷമാണ് പുറത്തായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ ആക്രമണവും പ്രതിരോധവും സമാസമം ചേർത്താണ് ഇന്ത്യ കളിച്ചത്. ആക്രമിച്ച് കളിച്ച രോഹിത് ശർമ്മ കൃത്യമായ ഇടവേളകളിൽ പ്രതിരോധ തന്ത്രവും പുറത്തെടുത്തു. ടീം സ്‌കോർ 72 ൽ നിൽക്കെ ആദ്യം വീണത് ജയ്‌സ്വാളായിരുന്നു. 52 പന്തിൽ 35 റണ്ണെടുത്ത ജയ്‌സ്വാൾ പട്ടേലിന് വിക്കറ്റ് നൽകി മടങ്ങി. വിക്കറ്റ് കീപ്പറുടെ സ്റ്റമ്പിംങിലാണ് ജയ്‌സ്വാൾ പുറത്തായത്. അജാസിന്റെ പന്തിനെ കൃത്യമായി മനസിലാക്കി പ്രതിരോധിച്ചെങ്കിലും അൽപം വേഗത്തിലെത്തിയ പന്തിന്റെ ഗതി നിശ്ചയിക്കുന്നതിൽ രോഹിത് പരാജയപ്പെട്ടു. ടീം സ്‌കോർ 95 ൽ നിൽക്കെ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ പുറത്ത്. 63 പന്തിൽ 52 റണ്ണെടുക്കാൻ രോഹിത് എട്ട് ഫോറും ഒരു സിക്‌സും പറത്തിയിരുന്നു. പിന്നീട്, കോഹ്ലിയും , സർഫാസ് ഖാനും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

പ്രോപ്പർ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച കോഹ്ലി 102 പന്തിൽ എട്ടു ഫോറും ഒരു സിക്‌സും അടിച്ചാണ് 70 റണ്ണിൽ എത്തിയത്. മൂന്നാം ദിവസത്തിലെ അവസാന പന്തിൽ ദൗർഭാഗ്യം കൊണ്ട് വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. 78 പന്തിൽ 70 റണ്ണുമായി സർഫാസ് ഒരു വശത്ത് നിൽക്കുന്നതാണ് ഇന്ത്യൻ പ്രതീക്ഷ. ആദ്യ ഇന്നിംങ്‌സിലെ ഇന്ത്യയുടെ 46 ന് എതിരെ കിവീസ് 402 റണ്ണാണ് പടുത്തുയർത്തിയയത്. ഇന്ത്യ രണ്ടാം ഇന്നിംങ്‌സിൽ 231 റൺ എടുത്തിട്ടുണ്ട്. ഏഴു വിക്കറ്റ് ശേഷിക്കുന്നുണ്ടെങ്കിലും ടീം ഇന്ത്യ ഇപ്പോഴും 125 റൺ പിന്നിലാണ്. രണ്ട് ദിവസം പൂർണമായും ശേഷിക്കെ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് തോൽവി തന്നെയാണ്.

Hot Topics

Related Articles