ബംഗളൂരു: സർഫാസിന്റെ ഒന്നര സെഞ്ച്വറിയുടെയും പന്തിന്റെ പോരാട്ട വീര്യത്തിന്റെയും മികവിൽ ന്യൂസിലൻഡിന് എതിരെ ലീഡെടുത്ത് ടീം ഇന്ത്യ..! 150 ൽ സർഫാസും സെഞ്ച്വറിയ്ക്ക് ഒരു റൺ അകലെ പന്തും വീണെങ്കിലും ന്യൂസിലൻഡിന് എതിരെ 82 റണ്ണിന്റെ ലീഡെടുത്ത ടീം ഇന്ത്യ ആദ്യ ഇന്നിംങ്‌സിലെ നാണക്കേടിന് അൽപം ആശ്വാസം സ്വന്തമാക്കി. ഇന്ത്യയുടെ 46 ന് എതിരെ കിവീസ് ആദ്യ ഇന്നിംങ്‌സിൽ 402 റൺ സ്വന്തമാക്കിയപ്പോൾ, രണ്ടാം ഇന്നിംങ്‌സിൽ ആറു വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ 438 റൺ അടിച്ചു കൂട്ടിയിട്ടുണ്ട്. ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംങ്‌സ് സ്‌കോറിന് എതിരെ 82 റണ്ണിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്.
ഇന്ന് കളി തുടങ്ങി ആദ്യം തന്നെ സർഫാസ് ഖാൻ സെഞ്ച്വറി തികച്ചതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. പിന്നാലെ ആക്രമിച്ച് കളിച്ച പന്തും സെഞ്ച്വറിയിലേയ്ക്കു കുതിച്ചു. 231 ൽ ഒന്നിച്ച രണ്ടു പേരും 408 ൽ പിരിയുമ്പോൾ ഇന്ത്യ ഇന്നിംങ്‌സ് തോൽവി ഒഴിവാക്കി ലീഡെടുത്ത് കഴിഞ്ഞിരുന്നു. ഇന്നിംങ്‌സ് തോൽവി ഒഴിവാക്കിയ ശേഷം രണ്ടു പേരും ആക്രമിച്ചു കളിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ സർഫാസ് നടത്തിയ കൗണ്ടർ അറ്റാക്കാണ് പന്തിനും കൂടുതൽ വേഗത്തിൽ റൺ കണ്ടെത്താൻ ആത്മവിശ്വാസം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
195 പന്തിൽ നിന്നും 150 റണ്ണെടുത്ത സർഫാസ് സൗത്തിയുടെ പന്തിൽ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ ആക്രമണം കടുപ്പിച്ച പന്ത് രോഹിതിനു സമാനമായി അപ്രതീക്ഷിതമായി ഔട്ടാകുകയായിരുന്നു. 105 പന്തിൽ 99 റണ്ണെടുത്ത പന്ത് കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് റൗർക്കിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയത്. പിന്നാലെ എത്തിയ കെ.എൽ രാഹുൽ പതിവ് പോലെ കാര്യമായ സംഭാവന നൽകാതെ മടങ്ങി. 16 പന്തിൽ 12 റണ്ണെടുത്ത രാഹുലിനെ റൂർക്കി ബ്ലണ്ടല്ലിന്റെ കയ്യിൽ എത്തിച്ചു. ഇന്ന് 32 ഓവർ കൂടി ബാക്കി നിൽക്കെ ന്യൂസിലൻഡിന് എതിരെ പ്രതിരോധിച്ച് കളിച്ചു മുന്നോട്ട് പോകാനാവും ഇന്ത്യയുടെ ശ്രമം. 200 റണ്ണിന് മുകളിലെങ്കിലും ലീഡ് ഉണ്ടെങ്കിൽ മാത്രമേ അഞ്ചാം ദിനം ഇന്ത്യൻ ബൗളർമാർക്ക് പൊരുതിയെങ്കിലും നോക്കാവൂ. ഇനി ജഡേജയ്‌ക്കൊപ്പം ക്രീസിൽ എത്തുന്ന അശ്വിന്റെ പോരാട്ട വീര്യത്തിലാണ് ഇന്ത്യൻ പ്രതീക്ഷകളത്രയും.