മെസ്സി ആറാടി ; പകരക്കാരനായി ഇറങ്ങി 11 മിനിറ്റിനിടെ ഹാട്രിക് നേട്ടം : പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഇന്റർ മിയാമി

സ്പോർട്സ് ഡെസ്ക് : രാജ്യത്തിനായി ഹാട്രിക്കടിച്ച്‌ ദിവസങ്ങള്‍ക്കിപ്പുറം ക്ലബ്ബ് ഫുട്ബോളിലും ഹാട്രിക്കുമായി സൂപ്പർതാരം ലയണല്‍ മെസ്സി.എം.എല്‍.എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റർ മിയാമിക്ക് വേണ്ടിയാണ് അർജന്റൈൻ നായകൻ മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങിയാണ് മെസ്സിയുടെ ഹാട്രിക് നേട്ടം.രണ്ടുഗോളുകള്‍ക്ക് പിന്നിട്ടശേഷമാണ് മിയാമി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്.

Advertisements

രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി, 34-ാം മിനിറ്റില്‍ ഡൈലാൻ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 40,43 മിനിറ്റുകളില്‍ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58-ാം മിനിറ്റില്‍ ബെഞ്ചമിൻ ക്രമാഷിയിലൂടെ ഇന്റർ മിയാമി ലീഡുമെടുത്തു. പിന്നാലെ മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയതോടെ മയാമിയുടെ ആക്രമണങ്ങള്‍ക്ക് മൂർച്ച കൂടി.78-ാം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത്. മൂന്ന് മിനിറ്റുകള്‍ക്കിപ്പുറം വീണ്ടും വലകുലുക്കിയതാരം ടീമിന്റെ അഞ്ചാം ഗോളും നേടി. മത്സരത്തിന്റെ അവസാനം 89-ാം മിനിറ്റിലും ലക്ഷ്യം കണ്ട് അർജന്റൈൻ നായകൻ ഗോള്‍പട്ടിക പൂർത്തിയാക്കി. പതിനൊന്ന് മിനിറ്റിനിടെയാണ് താരം മൂന്നുതവണ ലക്ഷ്യം കണ്ടത്.ജയത്തോടെ മറ്റൊരു റെക്കോഡും ടീം സ്വന്തമാക്കി. ഒരു എം.എല്‍.എസ് സീസണില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡാണ് മിയാമി സ്വന്തമാക്കിയത്. 34 മത്സരങ്ങളില്‍ നിന്നായി 74 പോയന്റാണ് ഇന്റർ മിയാമിക്കുള്ളത്.

Hot Topics

Related Articles