ഒരു കോടിയിലധികം രൂപ നൽകും; ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് പ്രതിഫലം പ്രഖ്യാപിച്ച്‌ ക്ഷത്രിയ കർണിസേന തലവൻ

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാർക്ക് ഒരു കോടിയിലധികം രൂപ പ്രതിഫലം പ്രഖ്യാപിച്ച്‌ ക്ഷത്രിയ കർണിസേന തലവൻ. സംഘടനയുടെ ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് ആണ് 1,11,11,111 രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. നിലവില്‍ അഹമ്മദാബാദിലെ സബർമതി സെൻട്രല്‍ ജയിലില്‍ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന ഏത് സുരക്ഷാ ഉദ്യോഗസ്ഥനും ഈ തുക സ്വന്തമാക്കാമെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ രാജ് ഷെഖാവത്ത് പറയുന്നു.

Advertisements

മഹാരാഷ്‌ട്രയിലെ എൻസിപി നേതാവായിരുന്ന ബാബാ സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് വീണ്ടും വാർത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച്‌ ക്ഷത്രിയ കർണിസേന രംഗത്തെത്തുന്നത്. കർണിസേനയുടെ തലവനായിരുന്ന സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ 2023 ഡിസംബറില്‍ ജയ്പൂരില്‍ വെച്ച്‌ കൊലപ്പെടുത്തിയതിന് പിന്നിലും ലോറൻസ് ബിഷ്‌ണോയിയുടെ സംഘമായിരുന്നു. ഈ കൊലപാതകത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം ലോറൻസിന്റെ സംഘം സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സല്‍മാൻ ഖാനുമായി അടുത്ത ബന്ധം പുലർത്തിയതിന്റെയും ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുമാണ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്ന ആരോപണത്തിലാണ് സല്‍മാൻ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയി സംഘം പക സൂക്ഷിക്കുന്നത്. 1998 ല്‍ ഷൂട്ടിംഗ് ഇടവേളയില്‍ വേട്ടയ്‌ക്ക് പോയ സല്‍മാനും സുഹൃത്തുക്കളും ബിഷ്‌ണോയി സമുദായം പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് ആരോപണം. രാജ്യാതിർത്തി കടന്നുളള ലഹരികടത്ത് കേസില്‍ 2015 ലാണ് ലോറൻസ് ബിഷ്‌ണോയി അറസ്റ്റിലായത്. സല്‍മാൻ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പിലും ലോറൻസ് ബിഷ്‌ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാല്‍ മുംബൈ പൊലീസ് ലോറൻസ് ബിഷ്‌ണോയിയെ കസ്റ്റഡിയിലെടുത്തില്ല. ഗായകൻ സിദ്ധു മൂസാവാലെയുടെ കൊലപാതകത്തിലടക്കം ലോറൻസ് ബിഷ്‌ണോയിയുടെ പങ്ക് പുറത്തുവന്നിരുന്നു.

Hot Topics

Related Articles