രണ്ടാം ടെസ്റ്റിലും ഇന്ത്യ തവിടു പൊടി; കൂറ്റൻ ലീഡിലേയ്ക്ക് കുതിച്ച് കിവീസ്; ഒന്നും ചെയ്യാനാവാതെ ബൗളർമാരും

പൂനൈ: ഇന്ത്യൻ ബാറ്റിംങിനെ ചുരുട്ടിക്കെട്ടിയ കിവീസ് സ്പിന്നർമാർക്ക് കിട്ടിയ പിൻതുണ പ്രതീക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യൻ സ്പിന്നർമാരെ പിച്ച് സഹായിച്ചെങ്കിലും ന്യൂസിലൻഡ് ബാറ്റർമാർ തുണച്ചില്ല..! പിച്ചിനെ പേടിക്കാതെ കൃത്യമായി ബാറ്റ് വീശിയ ന്യൂസിലൻഡ് ബാറ്റർമാർ കളിയിൽ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. ആദ്യ ഇന്നിംങ്‌സിൽ 259 ന് പുറത്തായ ന്യൂസിലൻഡ് രണ്ടാം ഇന്നിംങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 198 റണ്ണെടുത്തു. ഇതോടെ ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ നേടിയ 156 റണ്ണിന് എതിരെ 301 റണ്ണിന്റെ ലീഡായി ന്യൂസിലൻഡിന്. ഇനി അത്ഭുതങ്ങൾ സംഭവിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് കളിയിൽ തിരിച്ചു വരാൻ സാധിക്കൂ.

Advertisements

ഇന്ത്യയെ 156 ന് പുറത്താക്കി രണ്ടാം ഇന്നിംങ്‌സ് ബാറ്റിംങ് ആരംഭിച്ച ന്യൂസിലൻഡിന് കാര്യങ്ങൾ വരുതിയിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. ആദ്യ വിക്കറ്റ് എടുക്കാൻ ഇന്ത്യയ്ക്ക് 36 റൺ വരെ കാത്തിരിക്കേണ്ടി വന്നു. ഡെവോൺ കോൺവേ (17) മടങ്ങിയെങ്കിലും വിൽ യങ്ങും (23), ടോം ലാതവും ചേർന്നുള്ള കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ട് പോയി. വിൽ യങ് (23) മടങ്ങുമ്പോൾ ടീം സ്‌കോർ 78 ൽ എത്തിയിരുന്നു. 89 ൽ രചിൻ രവീന്ദ്ര (9) മടങ്ങിയെങ്കിലും ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. ഡാരി മിച്ചൽ (18) ക്യാപ്റ്റൻ ടോം ലാതത്തിന് ഒപ്പം ഒത്തു ചേർന്ന് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 123 ൽ മിച്ചൽ മടങ്ങി. പിന്നാലെ ടോം ലാതവും ടോം ബ്ലണ്ടറും ക്രീസിൽ ഒത്തു ചേർന്ന് കിവിപ്പോരാട്ടം നയിച്ചു. സെഞ്ച്വറിയിലേയ്ക്കു കുതിച്ച ലാതത്തെ (86) സുന്ദർ വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ പ്രതിക്ഷകളെല്ലാം പടി കടന്നു കഴിഞ്ഞിരുന്നു. നിലവിൽ ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ ഗ്ലെൻ ഫിലിപ്പ്‌സും (9), ടോം ബ്ലണ്ടെല്ലുമാണ് (30) ക്രീസിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ബാറ്റിംങ് ഇങ്ങനെ
രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന്റെ 259 ന് എതിരെ രണ്ടാം ദിനം ആദ്യ ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയ ടീം ഇന്ത്യ രണ്ടാം സെഷനിൽ തന്നെ ഓൾ ഔട്ടായി. 156 ന് ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരും പുറത്തായി. 19.3 ഓവറിൽ 53 റൺ വഴങ്ങി ഏഴു വിക്കറ്റ് പിഴുത മിച്ചൽ സാറ്റ്‌നറാണ് കിവീസിന് വേണ്ടി ഇന്ത്യയുടെ വാഷിംങ്ടൺ സുന്ദറിന് മറുപടി പറഞ്ഞത്.

ഇന്ന് രാവിലെ ബാറ്റിംങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഗില്ലും, ജയ്‌സ്വാളും കരുതലോടെയാണ് തുടങ്ങിയത്. രണ്ടു പേരും ചേർന്നുള്ള കൂട്ടുകെട്ട് സ്‌കോർ 50 കടത്തുകയും ചെയ്തു. സ്‌കോർ ബോർഡിൽ 50 എത്തിയപ്പോൾ ആദ്യം പുറത്തായത് ഗില്ലാണ്. സാറ്റ്‌നറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഗിൽ പുറത്താകുമ്പോൾ 72 പന്തിൽ നിന്നും 30 റണ്ണാണ് എടുത്തിരുന്നത്. രണ്ടു ഫോറും ഒരു സിക്‌സും പറത്തി ട്രാക്കിലേയ്ക്കു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗില്ലിന്റെ വിക്കറ്റ് നഷ്ടമായത്.

ഇതിന് പിന്നാലെ കോഹ്ലി ക്രീസിൽ എത്തി. ജയ്‌സ്വാളിന് കോഹ്ലി മികച്ച കൂട്ട് നൽകുമെന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായി കളി കൈവിട്ടു പോകുന്നത്. ടീം സ്‌കോറിനോട് ആറു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും കോഹ്ലി ക്ലീൻ ബൗൾഡ്. സാറ്റ്‌നറുടെ പന്തിൽ ബൗൾഡായി കോഹ്ലി മടങ്ങുമ്പോൾ ഒൻപത് പന്തിൽ നിന്നും ഒരു റൺ മാത്രമാണ് അദ്ദേഹം നേടിയിരുന്നത്. പിന്നാലെ സ്‌കോർ 70 ൽ നിൽക്കെ ജയ്‌സ്വാൾ ഫിലിപ്‌സിന്റെ പന്തിൽ ഡാരി മിച്ചലിന് ക്യാച്ച് നൽകി മടങ്ങി. പതിവിന് വിപരീതമായി വേഗം കുറച്ച് കളിച്ച ജയ്‌സ്വാൾ 60 പന്തിലാണ് 30 റൺ നേടിയത്.

പിന്നീട് എത്തിയ പന്ത് പതിവ് പോലെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും , ഗുഡ് ലെംങ്തിന് തൊട്ടു മുൻപിൽ പിച്ച് ചെയ്ത ഫിലിപ്‌സിന്റെ പന്തിൽ ആഞ്ഞു വീശി ക്ലീൻ ബൗൾഡ് ആയി. 19 പന്തിൽ 18 റണ്ണാണ് പന്ത് നേടിയത്. പ്രതീക്ഷ നൽകിയ സർഫാസ് സാറ്റ്‌നറുടെ പന്തിൽ റൂർക്കിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 24 പന്തിൽ 11 റണ്ണാണ് സർഫാസ് നേടിയത്. സർഫാസ് കൂടി പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷ അത്രയും ജഡേജയിലും സുന്ദറിലുമായി. രണ്ടു പേരും ചേർന്ന് പ്രതിരോധിച്ചാണ് ഇന്ത്യൻ സ്‌കോർ 100 കടത്തിയത്. 103 ൽ ഏഴാം വിക്കറ്റായി അശ്വിൻ കൂടി (4) പുറത്തായ ശേഷമാണ് ജഡേജയും സുന്ദറും ക്രീസിൽ ഒന്നിച്ചത്.

103 ൽ ഒന്നിച്ച സഖ്യം നിർണ്ണായകമായ 33 റൺ ടീം സ്‌കോറിൽ ചേർത്താണ് പിരിഞ്ഞത്. 136 ൽ ജഡേജ 46 പന്തിൽ 38 റൺ നേടിയാണ് പുറത്തായത്. 21 പന്തിൽ 18 റൺ എടുത്ത് പുറത്താകാതെ നിന്ന സുന്ദറാണ് ടീം സ്‌കോർ 150 കടത്തിയത്. ആകാശ് ദീപ് ഒരു സിക്‌സ് അടിച്ച് പ്രതീക്ഷ നൽകിയെങ്കിലും സാറ്റ്‌നറുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. റണ്ണെടുക്കും മുൻപ് ബുംറയെ വിക്കറ്റിനു മുന്നിൽ കുടുക്കിയതും സാറ്റ്‌നർ തന്നെയാണ്.

Hot Topics

Related Articles