ഇന്ത്യയ്ക്ക് ജയിക്കാൻ മുന്നിൽ റൺ മല..! 358 റണ്ണിന്റെ പടുകൂറ്റൻ ലീഡ് നേടി ന്യൂസിലൻഡ്; രണ്ടര ദിവസം ശേഷിക്കെ രണ്ടാം ടെസ്റ്റ് ആവേശത്തിലേയ്ക്ക്

പൂനൈ: 57 റണ്ണിനിടെ ന്യൂസിലൻഡിന്റെ അഞ്ചു വിക്കറ്റുകൾ എറിഞ്ഞിട്ട ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനെ ആവേശത്തിലാക്കി. രണ്ടാം ഇന്നിംങ്‌സിൽ 358 റണ്ണിന്റെ പടുകൂറ്റൻ ലീഡ് നേടിയ ന്യൂസിലൻഡ് ഇന്ത്യയ്ക്ക് മുന്നിൽ 359 റണ്ണിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിലെ തോൽവി മറന്ന് പരമ്പര സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് ഈ ടെസ്റ്റിൽ വിജയം അത്യാവശ്യമാണ്. രണ്ടര ദിവസത്തിലേറെയും പത്തു വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യ എന്തു ചെയ്യുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

Advertisements

53 ഓവറിൽ 198 ന് അഞ്ച് എന്ന നിലയിലാണ് ഇന്നലെ ന്യൂസിലൻഡ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്നു ബാറ്റിംങ് പുനരാരംഭിച്ച കിവീസിന് ആറ് ഓവർ മാത്രമാണ് പ്രതിരോധിച്ചു നിൽക്കാനായത്. 59 ആം ഓവറിന്റെ മൂന്നാം പന്തിൽ ടോം ബ്ലണ്ടെല്ലിനെ (41) ക്ലീൻ ബൗൾഡ് ചെയ്ത് ജഡേജ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ആറു റൺ കൂടി ചേർത്തപ്പോഴേയ്ക്കും മിച്ചൽ സാറ്റ്‌നർ (4) കൂടി വീണു. ജഡേജയുടെ പന്തിൽ ബുംറയാണ് ക്യാച്ചെടുത്തത്. ഒരു റൺ കൂടി മാത്രമായിരുന്നു കഴിഞ്ഞ കളിയിലെ പ്രതിരോധ താരം സൗത്തിയുടെ ആയുസ്. മൂന്നു പന്തിൽ റണ്ണൊന്നും എടുക്കാതിരുന്ന സൗത്തി അശ്വിന്റെ പന്തിൽ രോഹിത് ശർമ്മയ്ക്ക് പിടി കൊടുത്ത് മടങ്ങി. അജാസ് പട്ടേലിനെ (1) ജഡേജയുടെ പന്തിൽ ബൗണ്ടറി ലൈനിൽ വാഷിംങ് ടൺ സുന്ദർ പിടികൂടിയപ്പോൾ, വില്യം റൂർക്കിയെ (0) റണ്ണൗട്ടാക്കി ഇന്ത്യ കിവീസ് ഇന്നിംങ്‌സിന് തിരശീലയിട്ടു. 48 റണ്ണെടുത്ത ഗ്ലെൻ ഫിലിപ്‌സ് പുറത്താകാതെ നിന്നു. കഴിഞ്ഞ ഇന്നിംങ്‌സിൽ ഏഴു വിക്കറ്റ് നേടിയ വാഷിംങ്ടൺ സുന്ദർ നാലു വിക്കറ്റ് കൂടി പിഴുത് ഈ ടെസ്റ്റിൽ 11 വിക്കറ്റ് സ്വന്തമാക്കി. ജഡേജ മൂന്നും അശ്വിൻ രണ്ടും വിക്കറ്റ് നേടി.മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യ ആക്രമിച്ചു കളിക്കാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. ആദ്യ പന്തിൽ തന്നെ ജയ്‌സ്വാൾ റിവ്യുവിൽ നിന്നും രക്ഷപെട്ടു. പിന്നാലെ കിവീസ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു ജയ്‌സ്വാൾ. 15 പന്തിൽ 18 റണ്ണെടുത്ത ജയ്‌സ്വാളിന്റെയും ഏഴു പന്തിൽ നാല് റണ്ണെടുത്ത രോഹിത്തിന്റെയും മികവിൽ ഇന്ത്യ 3.4 ഓവറിൽ 23 റൺ അടിച്ചു കൂട്ടിയിട്ടുണ്ട്.

Hot Topics

Related Articles