ടെഹ്റാൻ നടുങ്ങി; ഇറാനെ ലക്ഷ്യമിട്ട് പാഞ്ഞെത്തിയത് നൂറിലധികം ഇസ്രായേൽ വിമാനങ്ങൾ

ടെഹ്റാൻ: ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എഫ്-35ഐ ജെറ്റുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേല്‍ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. വെറും പത്ത് സെക്കന്‍ഡിനുള്ളില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചിരുന്നു.

Advertisements

ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ടെഹ്‌റാനെയും സമീപ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് കുറഞ്ഞത് മൂന്ന് തരം ആക്രമണങ്ങളെങ്കിലും ഉണ്ടായതായാണ് റിപ്പോർട്ട്. ടെഹ്‌റാനിലും അയല്‍ നഗരമായ കരാജിലും ഒന്നിലധികം ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോർട്ടുകള്‍ പറയുന്നു. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. ഇറാനില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആളപായം സംഭവിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 1ന് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ഒക്ടോബർ 7 മുതല്‍ ഇറാനില്‍ നിന്ന് ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്നും ഇസ്രായേലിനെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഐഡിഎഫ് വ്യക്തമാക്കി.

Hot Topics

Related Articles