ചെന്നൈ: കേന്ദ്രമന്ത്രിയുടെ ഓഫീസ് ഹിന്ദിയില്‍ നല്‍കിയ കത്തിന് തമിഴില്‍ മറുപടി നല്‍കി ഡിഎംകെ എംപി. പുതുക്കോട്ട എം എം അബ്ദുല്ല എംപിയാണ് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ ഹിന്ദിയിലെ കത്തിന് തമിഴില്‍ മറുപടി നല്‍കിയത്. തനിക്ക് ഒരു വാക്കു പോലും മനസ്സിലായില്ലെന്ന് എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമാണ് എം എം അബ്ദുല്ല. ട്രെയിനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഹിന്ദിയില്‍ മറുപടി നല്‍കിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓർമപ്പെടുത്തിയിട്ടും ആശയവിനിമയം ഹിന്ദിയില്‍ തുടരുന്നുവെന്ന് എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രണ്ട് കത്തുകളുടെ പകർപ്പും അദ്ദേഹം പങ്കുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“റെയില്‍വേ സഹമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് എനിക്ക് ഹിന്ദി അറിയില്ല, ദയവായി കത്ത് ഇംഗ്ലീഷില്‍ അയയ്ക്കണമെന്ന് പറഞ്ഞതാണ്. എന്നിട്ടും ഹിന്ദിയില്‍ അയച്ചു. അവർക്ക് മനസ്സിലാകാനായി ഞാൻ തമിഴില്‍ മറുപടി അയച്ചു” എന്നാണ് ഡിഎംകെ എംപി വ്യക്തമാക്കിയത്. ഇനി മുതല്‍ തന്നോട് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തണമെന്ന് ഡിഎംകെ എംപി തമിഴില്‍ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്നാരോപിച്ച് ഡിഎംകെ കേന്ദ്ര സർക്കാരിനെതിരെ ഇതിന് മുൻപും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുന്നതാണ് കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിക്കുകയുണ്ടായി.