സ്പോർട്സ് ഡെസ്ക് : ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്.വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.
റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്.യുവേഫയുമായി സഹകരിച്ച് ഫ്രഞ്ച് മാഗസിൻ ഫ്രാൻസ് ഫുട്ബോള്‍ സംഘടിപ്പിച്ച പാരീസില്‍ നടന്ന ചടങ്ങിലാണ് റോഡ്രിക്ക് അവാർഡ് സമ്മാനിച്ചത്. വിനീഷ്യസ് ജൂനിയർ, ഡാനി കാർവാജല്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയല്‍ മാഡ്രിഡ് ത്രയത്തെ മറികടന്നാണ് റോഡ്രിയെ തേടി പുരസ്കാരമെത്തിയത്.യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.