കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി പി ദിവ്യക്കെതിരെ പ്രതിഷേധം തുടരുന്നു. കീഴടങ്ങിയ പ്രതി ദിവ്യയെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയിലും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിനുള്ളതെന്ന് ചൂണ്ടാകാട്ടി ആദ്യം മുതലെ തന്നെ വലിയ പ്രതിഷേധമാണ് കണ്ണൂരിലടക്കം ഉയർന്നിരുന്നത്. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നും കണ്ടത്.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ കീഴടങ്ങിയത്.