തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. അപകീർത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാർക്സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടത്.
തങ്ങള്‍ നിയമത്തിന് അതീതരാണെന്നും നിയമത്തില്‍ നിന്ന് രക്ഷപ്പെടാൻ തങ്ങള്‍ക്ക് കഴിയുമെന്നുമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ധാരണ മാറണം. നിയമത്തിന്റെ പൂർണ്ണവും വ്യക്തവുമായ പ്രയോഗത്തിലൂടെ അത് മാറ്റാൻ കഴിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിമാനിയും കഠിനാധ്വാനിയുമായ നവീൻബാബുവിനെ അപമാനിക്കുകയും വേട്ടയാടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത്, അദ്ദേഹത്തിന്റെ കുടുംബത്തെ എന്നെന്നേക്കുമായി തകർക്കുകയാണ് അവർ ചെയ്തത്. ആ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും നീതി ലഭിക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.