ചെന്നൈ ; തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന് എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്. 1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര. പിതാവ് കുര്യന് കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. ജനിച്ചത് ബാംഗ്ലൂരാണെങ്കിലും അസ്സലായി മലയാളം കൈകാര്യം ചെയ്യുമായിരുന്നു താരം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന് എന്ന പേര് സിനിമയിലെത്തിയശേഷമാണ് നയൻതാരയാക്കി മാറ്റിയത്.മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും തമിഴകമാണ് കരിയറില്‍ ഉയരാൻ നടിയെ സഹായിച്ചത്. സിനിമയില്‍ എത്തിയശേഷം താരത്തിന്റെ ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറെ ചർച്ചയായ ഒന്നായിരുന്നു നടി ക്രിസ്തു മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്നത്. റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ 2011ല്‍ ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്റെ കാര്‍മ്മികത്വത്തിലായിരുന്നു അന്ന് ചടങ്ങ് നടന്നത്. താരം മതം മാറിയതിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട്. നടൻ പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായാണ് നയൻതാര മതം മാറിയത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നയന്‍താരയും പ്രഭുദേവയും വിവാഹത്തിന് മുമ്ബ് പ്രണയം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞു. പ്രഭുദേവയുടെ ആദ്യ വിവാഹം റംലത്തുമായിട്ടായിരുന്നു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം ചെയ്തത്. മുസ്ലിമായിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടര്‍ന്നാണ് റംലത്ത് എന്ന പേര് ലത എന്നാക്കി. നയൻതാരയും പ്രഭുദേവയും പ്രണയത്തിലായപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും റംലത്തായിരുന്നു.ഒരു അഭിമുഖത്തില്‍ നയൻതാര തന്റെ മതം മാറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. അതെ… ഞാൻ ഇപ്പോള്‍ ഒരു ഹിന്ദുവാണ്. ഇത് എൻ്റെ സ്വന്തം തീരുമാനമാണ്. ഞാൻ ഈ മാറ്റം മുഴുവൻ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചെയ്തതെന്നാണ് നയൻതാര പറഞ്ഞത്. ഹിന്ദുമതം സ്വീകരിച്ച ശേഷം ക്ഷേത്ര ദർശനം താരത്തിന്റെ പതിവാണ്. പ്രഭുദേവയുമായി വേർപിരിഞ്ഞശേഷം ഹിന്ദു മതം ഉപേക്ഷിക്കാതെ അതില്‍ തന്നെ തുടരുകയായിരുന്നു നയൻതാര. തകർന്ന സമയങ്ങളില്‍ തനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്രയം ദൈവമായിരുന്നുവെന്നും അതിനാലാണ് തനിക്ക് ഇത്ര ദൈവഭക്തിയെന്നും മുമ്ബൊരിക്കല്‍ താരം പറഞ്ഞിട്ടുണ്ട്. പ്രഭുദേവയുമായി പിരിഞ്ഞശേഷമാണ് വിഘ്നേഷ് ശിവനെ നയൻതാര കണ്ട് മുട്ടിയതും പ്രണയത്തിലായതും. 2022ലായിരുന്നു ഇരുവരുടെയും വിവാഹം.ഇപ്പോള്‍ ഇരുവരും ഉയിർ, ഉലക് എന്നീ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. നയൻതാര ഹിന്ദുമത വിശ്വാസത്തിലേക്ക് മാറിയെങ്കിലും രണ്ട് മക്കളുടെയും കഴുത്തിലെ മാലയില്‍ സ്വർണ കുരിശ് താരം ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ജാതി മത വ്യത്യാസമില്ലാതെ ക്രിസ്മസ് അടക്കം എല്ലാ ആഘോഷങ്ങളും ചെന്നൈയിലെ വീട്ടില്‍ നയൻതാരയും വിക്കിയും മക്കളും ആഘോഷിക്കാറുണ്ട്.