തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചേരമാൻ തുരുത്ത് കടയിൽ വീട്ടിൽ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി നേരത്തെ പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ പ്രതികൾക്കെതിരേ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതായത്. തുടർന്ന് വീട്ടുകാർ കഠിനംകുളം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ മൂവർസംഘം പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതായി വ്യക്തമാക്കി. പെരുമാതുറയിൽനിന്ന് ചിറയിൻകീഴിൽ എത്തിച്ച പെൺകുട്ടിയെ ഇവിടെനിന്ന് ട്രെയിനിൽ തിരൂരിലേക്കാണ് കൊണ്ടുപോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവർ ട്രെയിനിൽ തിരൂരിൽ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പോലീസ് തിരൂർ പോലീസിന്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഠിനംകുളം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ തട്ടിക്കൊണ്ടുപോകലിന് പുറമേ പോക്സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.