മുംബൈ: വാംഖഡേ സ്റ്റേഡിയത്തിൽ ഇന്ത്യൻ സ്പിന്നർമാരുടെ ആക്രമണത്തെ പ്രതിരോധിച്ച് ഭേദപ്പെട്ട സ്‌കോറുയർത്തി ന്യൂസിലൻഡ്. ആദ്യ ഇന്നിംങ്‌സിൽ ടോസ് നേടിയ ബാറ്റിംങ് തിരഞ്ഞെടുത്ത ന്യൂസിൻഡിനെ രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റും, വാഷിംങ്ടൺ സുന്ദറിന്റെ നാലു വിക്കറ്റും കൊണ്ട് പ്രതിരോധിച്ച ടീം ഇന്ത്യ 235 ന് ഒതുക്കി. 22 ഓവർ എരിഞ്ഞ ജഡേജ 65 റൺ വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 18.4 ഓവറിൽ 81 റണ്ണിനാണ് വാഷിംങ്ടൺ സുന്ദർ നാലു വിക്കറ്റ് നേടിയത്. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപ് പിഴുതു. 14 ഓവറിൽ 47 റൺ വഴങ്ങിയ അശ്വിന് വിക്കറ്റ് ഒന്നും ലഭിച്ചില്ല.
ടോസ് നേടി കിവീസ് ബാറ്റിംങ് ആരംഭിച്ചതോടെ ഇന്ത്യയ്ക്ക് വേണ്ടി ബുംറയുടെ അഭാവത്തിൽ സിറാജും ആകാശ് ദീപുമാണ് ബൗളിംങ് ആക്രമണത്തിന് തുടക്കമിട്ടത്. മൂന്നാം ഓവറിൽ ഡെവൺ കോൺവേയെ (4) പുറത്താക്കി ആകാശ് ദീപാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ, വിൽ യങ് (71) ടോം ലാതം സഖ്യം (28) പൊരുതി നിന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒടുവിൽ 59 ൽ ലാതത്തെ വീഴ്ത്തി വാഷിംങ്ടൺ സുന്ദർ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ ക്രീസിൽ എത്തിയ രചിൻ രവീന്ദ്ര (5)യെ പെട്ടന്ന് മടക്കി വാഷിംങ്ടൺ സുന്ദർ ഇന്ത്യയ്ക്ക് അശ്വാസം സമ്മാനിച്ചു. രചിൻ മടങ്ങുമ്പോൾ 72 ന് മൂന്ന് എന്ന നിലയിൽ പതറിയ കിവീസിന് വിൽ യങും , ഡാരി മിച്ചലും (82) ചേർന്നുള്ള കൂട്ടു കെട്ടാണ് പ്രതീക്ഷ നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 159 ൽ വിൽ യങ്ങിനെ വീഴ്ത്തി ജഡേജ തന്റെ ആദ്യ വിക്കറ്റും ഇന്ത്യയുടെ നാലാം വിക്കറ്റും വീഴ്ത്തി. ഇതേ സ്‌കോറിൽ തന്നെ ടോം ബ്ലണ്ടലിനെ (0) ക്ലീൻ ബൗൾ ചെയ്ത ജഡേജ ഇന്ത്യയെ കളിയിലേയ്ക്കു തിരികെ എത്തിച്ചു. ഗ്ലൻ ഫിലിപ്‌സ് (17) പൊരുതി നിന്നപ്പോൾ ഡാരി മിച്ചൽ ഒരു വശത്ത് നിന്നത് കിവീസിന് ആത്മവിശ്വാസം നൽകി. എന്നാൽ, 187 ൽ ഗ്ലെൻ ഫിലിപ്‌സിനെ ക്ലീൻ ബൗൾഡ് ചെയ്ത് ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേയ്ക്കു തിരികെ എത്തിച്ചു. 210 ൽ ഇഷ് സോഡിയെ (7) വിക്കറ്റിനു മുന്നിൽ കുടുക്കിയ ജഡേജ, ഇതേ സ്‌കോറിൽ തന്നെ മാറ്റ് ഹെൻട്രിയെ ക്ലീൻ ബൗൾഡ് ചെയ്തു. ഒരു വശത്ത് പാറപോലെ ഉറച്ചു നിന്ന് ഇന്ത്യൻ പ്രതീക്ഷകളെ തകർക്കാൻ ശ്രമിച്ച ഡാരി മിച്ചലിനെ രോഹിത്തിന്റെ കയ്യിൽ എത്തിച്ച് വാഷിംങ്ടൺ സുന്ദർ കളി അവസാനത്തിലേയ്ക്ക് എത്തിച്ചു. പിന്നാലെ, അജാസ് പട്ടേലിനെ (7) വിക്കറ്റിനു മുന്നിൽ കുരുക്കുക കൂടി ചെയ്തതോടെ കിവീസ് ഇന്നിംങ്‌സ് പൂർണമായി. ഒരു റണ്ണുമായി വില്യം റൂർക്കി പുറത്താകാതെ നിന്നു.