മുംബൈ: ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ഇന്ത്യയെ വീഴ്ത്ത് ടെസ്റ്റ് വെറ്റ് വാഷ് ചെയ്യാമെന്ന ന്യൂസിലൻഡ് മോഹങ്ങൾക്കു മേൽ ഇന്ത്യൻ സ്പിന്നർമാർ തകർത്താടിയതോടെ മൂന്നാം ദിവസം കളിയ്ക്ക് ഫലമുണ്ടാകുമെന്ന് ഉറപ്പായി. ഇതുവരെ വീണ 29 വിക്കറ്റുകളിൽ 25 എണ്ണവും സ്പിന്നർമാർ പകുത്തെടുത്ത പിച്ചിലാണ് ഇന്ത്യയുടെ പോരാട്ടം. മൂന്നാം ദിവസം കിവീസ് എത്ര നേരം ബാറ്റുചെയ്യും എന്നതിന് അനുസരിച്ചിരിക്കും ഇന്ത്യയുടെയും കളിയുടെയും ഗതി.
ആദ്യ ഇന്നിംങ്സിലെ 235 ന് എതിരെ ഇന്ത്യ ഗില്ലിന്റെയും (90) പന്തിന്റെയും (60), വാഷിംങ് ടൺ സുന്ദറിന്റെയും (38) ബലത്തിൽ 263 റണ്ണാണ് അടിച്ചെടുത്തത്. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുത അജാസ് പട്ടേലും ഓരോ വിക്കറ്റ് വീതം ഊരിയെടുത്ത ഗ്ലെൻ ഫിലിപ്സും, ഇഷ് സോധിയുമാണ് വലിയ ലീഡിലേയ്ക്കു പോകാതെ ഇന്ത്യയെ തടഞ്ഞത്. മാറ്റ് ഹെൻട്രിയും കിവീസ് നിരയിൽ ഒരു വിക്കറ്റ് പിഴുതു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ആദ്യം കിവീസിന് പ്രഹരം ഏൽപ്പിച്ചത് ഇന്ത്യൻ പേസർ ആകാശ് ദീപായിരുന്നു. സ്കോർ ബോർഡിൽ രണ്ടു റൺ മാത്രമുള്ളപ്പോൾ ടോം ലാതത്തി(1)ന്റെ വിക്കറ്റ് രണ്ടു വശത്തേയ്ക്കും ചിതറിച്ച് വിക്കറ്റ് ദീപാവലി വെടിക്കെട്ടിന് ആകാശ് ദീപം തെളിയിച്ചു. 39 ൽ കോൺവേയെ(22) വീഴ്ത്തിയ വാഷിംങ്ടൺ സുന്ദർ സുന്ദരമായ കിവി ബാറ്റർമാരുടെ കോൺവോയ്ക്കു തുടക്കമിട്ടു. 44 ൽ രചിൻ രവീന്ദ്രയെ (4) ആശ്വിന്റെ പന്തിൽ സ്റ്റമ്പ് ചെയ്ത പന്ത് ഇന്ത്യൻ ആശ്വാസത്തിന് ആവേശം കൂട്ടി. കൃത്യം അൻപത് റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും 94 ൽ ഡാരി മിച്ചലിനെ (21) അശ്വിൻ ജഡേജയുടെ പന്തിൽ ഓടിപ്പിടിച്ചു പുറത്താക്കി.
ആറു റൺ കൂടി ചേർത്ത് ആശ്വാസ നൂറിലെത്തിയ കിവീസിന് പക്ഷേ ആശ്വസിക്കാൻ അധികം ആയുസുണ്ടായിരുന്നു. കൃത്യം നൂറിൽ നിൽക്കെ നാലു റണ്ണുമായി ബ്ലണ്ടലിന്റെ സ്റ്റമ്പ് ജഡേജ പിഴുതെടുത്തു. ഒന്ന് താളം കണ്ടെത്തിയ ഫിലിപ്സിനെ ക്ലീൻ ബൗൾ ചെയ്ത അശ്വിൻ ഇന്ത്യയെ കളിയിലേയ്ക്കു തിരികെ കൊണ്ടു വരുമ്പോൾ കിവീസ് സ്കോർ 131. 148 ൽ ഇഷ് സോധിയെ (8) ജഡേജ കോഹ്ലിയുടെ കയ്യിൽ എത്തിച്ചതിനു പിന്നാലെ, കിവികളുടെ അവസാന ശ്വാസം വിൽ യങ്ങിനെ (51) സ്വന്തം ബൗളിംങിൽ പിടികൂടി അശ്വിൻ കിവീസിന്റെ അവസാന ചിറകും അരിഞ്ഞു. ഇന്ന് എറിഞ്ഞ അവസാന പന്തിൽ മാറ്റ് ഹെൻട്രിയെ (10) വീഴ്ത്തി ജഡേജ കളിയൊന്നു തിരിച്ചു വച്ചു. ഏഴു റണ്ണുമായി അജാസ് പട്ടേലാണ് നിലവിൽ പുറത്താകാതെ നിൽക്കുന്നത്. വില്യം റൂർക്കി ക്രീസിലെത്താനുമുണ്ട്.
നാലു വിക്കറ്റ് വീഴ്ത്തിയ ജഡേജയും, മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ന്യൂസിലൻഡിനെ തകർത്തത്. ഒരോ വിക്കറ്റ് പങ്കിട്ട് ആകാശ് ദീപും വാഷിംങ്ടൺ സുന്ദറും കളി കയ്യിലാക്കാൻ കയ്യയയച്ചു സഹായിച്ചു.