മുംബൈ: 5.11.1.1.1.6 – വെറ്റ് വാഷിനിറങ്ങിയ കിവീസിനെ കളിച്ചു തോൽപ്പിക്കാൻ കളത്തിലിറങ്ങിയ ഇന്ത്യയുടെ മുൻ നിര ബാറ്റർമാരുടെ റണ്ണാണ് മുകളിൽ എഴുതിയത്. ഓപ്പണർമാരായ ജയ്‌സ്വാൾ (5), രോഹിത് ശർമ്മ (11) എന്നിവർ വേഗം മടങ്ങിയപ്പോൾ , പ്രതീക്ഷയാകുമെന്ന് കരുതിയ ഗില്ലും (1), സർഫാസും (1) ആകെ ആറു പന്ത് മാത്രം കളിച്ച് തിരിച്ചു കയറി. പതിവ് പോലെ കോഹ്ലിയും (1), ജഡേജയും (6) കാര്യമായി കഷ്ടപ്പെടാനും തയ്യാറായില്ല. ഇതിലെല്ലാം വ്യത്യസ്തമായി കളം നിറഞ്ഞു നിന്നത് പന്ത് മാത്രമാണ്. പ്രത്യാക്രമണവുമായി കളം നിറഞ്ഞ പന്ത് ലഞ്ചിനു പിരിയുമ്പോൾ 50 പന്തിൽ നിന്നും 53 റൺ എടുത്തിട്ടുണ്ട്. എത്ര നേരമെന്നറിയില്ലെങ്കിലും എട്ടു പന്തിൽ ആറു റണ്ണുമായി വാഷിംങ്ടൺ സുന്ദർ അക്കരെ ഇന്ത്യയ്ക്ക് പ്രതീക്ഷയുമായി നിൽക്കുന്നു.
കിവീസിന്റെ രണ്ടാം ഇന്നിംങ്‌സ് ലീഡിനെക്കാൾ 55 റൺ പിന്നിലാണ് ഇന്ത്യ ഇപ്പോഴും. 147 എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യാതൊരു ഉത്തരവാദിത്വവുമില്ലാതെ കടന്നാക്രമിച്ചു കളി തുലയ്ക്കാൻവേണ്ടി തന്നെയാണ് രോഹിത് ശർമ്മ ഇറങ്ങിയത്. പലപ്പോഴും ഭാഗ്യം കൊണ്ടു മാത്രമാണ് വിക്കറ്റിന് മുന്നിൽ കുടുങ്ങാതെയും ഫീൽഡർമാരുടെ പിടിയിൽ പെടാതെയും രോഹിത് രക്ഷപെട്ടത്. 11 പന്തിൽ രണ്ട് ഫോറടിച്ച് 11 റൺ എടുത്ത രോഹിത്തിനെ ഹെൻട്രിയുടെ പന്തിൽ ഫിലിപ്‌സ് പിടിച്ചു പുറത്താക്കി. ഈ സമയം ഇന്ത്യൻ സ്‌കോർ ബോർഡിൽ ആകെ 13 റൺ മാത്രമാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നു റൺ കൂടി ചേർത്തപ്പോഴേയ്ക്കും സ്പിന്നിൽ ഗില്ലിന്റെ വീക്ക് നെസ് തെളിഞ്ഞു വന്നു. അജാസ് പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി ഗിൽ മടങ്ങുമ്പോൾ ആകെ നേരിട്ടത് നാലു പന്ത്. രണ്ട് റണ്ണും രണ്ട് ഓവറും മാത്രമായിരുന്നു കോഹ്ലിയ്ക്ക് ആയുസ്. ഇന്ത്യൻ സ്‌കോർ 18 ൽ എത്തിയപ്പോൾ കോഹ്ലി ഏഴു പന്തിൽ നിന്നും ഒരു റണ്ണുമായി പുറത്ത്. അജാസ് പട്ടേലിന്റെ പന്തിൽ ഡാരി മിച്ചലിന് ക്യാച്ച്. പന്ത് ക്രീസിലെത്തി കളി മാറുമെന്ന് ആരാധർ പ്രതീക്ഷിച്ചിരിക്കുന്ന സമയത്ത് ജയ്‌സ്വാൾ വീണു.
ഇന്ത്യൻ സ്‌കോർബോർഡിൽ പത്ത് റൺ കൂടി ചേർന്നപ്പോഴേയ്ക്കുമാണ് ഓപ്പണർ മടങ്ങിയത്. താളം കണ്ടെത്താൻ നന്നേ വിഷമിച്ചിരുന്ന ജയ്‌സ്വാൾ 16 പന്ത് നേരിട്ടിരുന്നു. എന്നാൽ, ഗ്ലെൻ ഫിലിപ്പ്‌സിന്റെ ആറാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ ജയ്‌സ്വാൾ പുറത്ത്. ഇന്ത്യ 28 ന് അഞ്ച്. ഒരു റണ്ണും രണ്ടു പന്തും മാത്രമായിരുന്നു യുവ പ്രതീക്ഷ സർഫാസ് ഖാന്റെ ആയുസ്. ശ്രദ്ധിച്ച് കളിക്കേണ്ട കളി അനാവശ്യമായി ആക്രമിച്ച് കളിച്ച് സർഫാസും മടങ്ങി. പട്ടേലിന്റെ പന്തിൽ രചിൻ രവീന്ദ്രയുടെ ക്യാച്ചിലാണ് സർഫാസ് മടങ്ങിയത്. പിന്നാലെ എത്തിയ ജഡേജ പന്തിന് മാന്യമായി പിൻതുണ നൽകി. എന്നാൽ, പട്ടേലിന്റെ ശ്രദ്ധിച്ച് കളിയ്‌ക്കേണ്ട പന്തിൽ അപ്രതീക്ഷിതമായി ബാറ്റ് വച്ച ജഡേജയ്ക്ക് പിഴച്ചു. വിൽ യങിന്റെ മുഴു നീള ഡൈവിൽ ജഡേജ പുറത്ത്. 29 ൽ ഒത്തു ചേർന്ന ജഡേജ പന്ത് സഖ്യം പിരിഞ്ഞത് 71 ലായിരുന്നു. നാല് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയുടെ വിജയത്തിലേയ്ക്കുള്ള പാതയിൽ മുള്ള് തീർത്തിരിക്കുന്നത്. ഒപ്പം ഓരോ വിക്കറ്റ് പങ്കിട്ട് ഫിലിപ്‌സും മാറ്റ് ഹെൻട്രിയും. ഇനിയും 55 റൺ അകലെയാണ് ഇന്ത്യ. കിവീസിന് വേണ്ടത് അഞ്ചു വിക്കറ്റും.