ആൻ്റിഗ്വ : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിൻ്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ലിയാം ലിവിംഗ്സ്റ്റണ് തൻ്റെ കന്നി ഏകദിന സെഞ്ച്വറി നേടി തൻ്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 329 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 15 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചേസ് വിജയകരമായി പൂർത്തിയാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 328/6 എന്ന സ്കോറാണ് നേടിയത്. ഷായ് ഹോപ്പ് (117), കീസി കാർട്ടി (71), ഷെർഫാൻ റഥർഫോർഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് നല്ല സ്കോർ നല്‍കിയത്.ഫില്‍ സാള്‍ട്ടിൻ്റെ 59 റണ്‍സും, 52 റണ്‍സ് എടുത്ത സാം കുറാനും ലിവിങ്സ്റ്റോണൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം ജയത്തില്‍ എത്തിച്ചു. ലിവിങ്സ്റ്റോണ്‍ അഞ്ച് ബൗണ്ടറികളും ഒമ്ബത് സിക്സറുകളും പറത്തിയാണ് 85 പന്തില്‍ 124 റണ്‍സ് നേടിയത്. ഈ വിജയം ഇംഗ്ലണ്ടിനെ പരമ്ബരയില്‍ വെസ്റ്റിൻഡീസിന് ഒപ്പം എത്തിച്ചു. നിർണ്ണായക മൂന്നാം മത്സരം ബുധനാഴ്ച ബാർബഡോസില്‍ നടക്കും.