തിരുവനന്തപുരം: ഇത്രയും നാള് കെ റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍ സി പി എം – ബി ജെ പി അന്തര്‍ധാരയുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി രംഗത്ത്. കേരളത്തില്‍ ബി ജെ പിക്ക് ഒരു എം പിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്കിയപ്പോള് അതിനു നല്കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയിലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സി പി എമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാർ. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.