തൃശൂർ: തൃശൂരിലെ മൃഗാശുപത്രിയിലും ക്ഷേത്രത്തിലും മോഷണം നടത്തിയ സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവിയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഷർട്ട് ധരിക്കാതെ മുഖം മറച്ച കള്ളന്റെ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.
ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച് കാല് ലക്ഷം രൂപയും സമീപത്തുള്ള വെറ്ററിനറി ആശുപത്രിയില്‍ നിന്ന് ആയിരത്തില്‍ പരം രൂപയുമാണ് മോഷ്ടിച്ചത്. സംഭവത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരൻ നന്ദനാണ് വഴിപാട് കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്റ്റോർ റൂമിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് ആദ്യം കണ്ടത്. സ്റ്റോർ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിന്റെ മുറിയുടെ പൂട്ടും തകർത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന കാല് ലക്ഷം രൂപയോളം കൊണ്ടുപോയി. ഇതിനു സമീപം ചുമരില്‍ തൂക്കിയിട്ടിരുന്ന കവറില്‍ ഉണ്ടായിരുന്ന 13,000 രൂപ കള്ളന്റെ ശ്രദ്ധയില്‍ പെട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രക്കുളത്തിനോട് ചേർന്നുള്ള ദേവീ ക്ഷേത്രത്തിന് മുൻപിലെ ഭണ്ഡാരത്തിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് മോഹനൻ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്തിക്കാട് പൊലീസില്‍ പരാതി നല്കി. ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ശേഷമാകാം മോഷ്ടാവ് തൊട്ടടുത്തുള്ള സർക്കാർ മൃഗാശുപത്രിയില്‍ കയറിയത്. മുൻവാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഒരു അലമാര കുത്തി തുറന്നു. അതില്‍ ഇരുന്ന താക്കോലുകള്‍ എടുത്ത് മറ്റ് നാല് അലമാരകള്‍ തുറന്ന് പരിശോധിച്ചു. മേശപ്പുറത്ത് ചെപ്പില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയാണ് നഷ്ടപ്പെട്ടത്.