സിനിമ ഡെസ്ക് : റോബി വർഗീസ് രാജ് ആദ്യമായിസംവിധാനം ചെയ്ത സിനിമയായിരുന്നു കണ്ണൂർ സ്ക്വാഡ് . ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പറയുന്നത് . അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്ന് തിരക്കഥയെഴുതി 2023 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു ചിത്രം ബോക്സ് ഓഫീസിൽ നിന്നും 100 കോടിയോളം രൂപയാണ് നേടിയത്.ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.
തൃക്കരിപ്പൂരിലെ വ്യവസായിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് ഉത്തരേന്ത്യയിലേക്ക് കടന്ന കൊലയാളി സംഘത്തെ കുറ്റാന്വേഷണമികവിലൂടെ കണ്ടെത്തുന്ന കണ്ണൂർ സ്ക്വാഡിനെയാണ് ജോർജ് എന്ന കഥാപത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിച്ചത്.ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. 2023 സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഒമ്പത് ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. റോണി വർഗീസ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, വിജയ രാഘവൻ, മനോജ് കെ.യു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമ്മിച്ചത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചന നൽകി തന്നെയാണ് സിനിമ അവസാനിക്കുന്നതും. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മമ്മൂട്ടി ഇപ്പോൾ. അതിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. ഉടൻതന്നെ കണ്ണൂർ സ്ക്വാഡ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.