തൃശൂർ: പൂങ്കുന്നം സ്വദേശിയും വ്യാപാരിയുമായ വൃദ്ധനെ ഹണി ട്രാപ്പിൽ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32), കരുനാഗപ്പള്ളി കൊല്ലക ഒറ്റയിൽ പടിറ്റതിൽ വീട്ടിൽ ഷെമി (ഫാബി, 38) എന്നിവരാണ് പിടിയിലായത്. വ്യാപാരി നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് പ്രതികളെ അങ്കമാലിയിൽ നിന്ന് അറസ്റ്റു ചെയ്തത്.
രണ്ടുവർഷം മുമ്ബാണ് വ്യാപാരിയെ സമൂഹ മാദ്ധ്യമത്തിലൂടെ ഷെമി പരിചയപ്പെട്ടത്. എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23കാരി എന്നാണ് പരിചയപ്പെടുത്തിയത്. വിവാഹിതയല്ലെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. വീഡിയോ കാളുകൾ ചെയ്തു. തുടക്കത്തിൽ ഹോസ്റ്റൽ ഫീസിനും മറ്റുമെന്ന് പറഞ്ഞ് ചെറിയ തുകകൾ വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള മെസേജുകളടക്കം അയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണം തിരികെ ചോദിച്ചപ്പോൾ വീഡിയോ കാളുകൾ കാട്ടി ഭീഷണിപ്പെടുത്തി. വീണ്ടും പണം തട്ടി. കൈയിലുള്ള പണം തീർന്നതോടെ വ്യാപാരി, ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ പിൻവലിച്ചും ഭാര്യയുടെ സ്വർണാഭരണം പണയം വച്ചുമടക്കം പണം നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ വ്യാപാരി വിവരം മകനോട് പറഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ ഒന്നിന് പൊലീസിൽ പരാതി നൽകിയത്.
വ്യാപാരിയിൽ നിന്ന് തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചതെന്ന് പൊലീസ് പറഞ്ഞു. 82 പവൻ സ്വർണം, ഇന്നോവ കാർ, ടൊയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീൽഡ് ബുള്ളറ്റ് തുടങ്ങിയവയും തട്ടിപ്പ് പണമുപയോഗിച്ച് വാങ്ങി. ഇതെല്ലാം പൊലീസ് കണ്ടെടുത്തു.