ഗുരേരോ: ചുമതലയേറ്റ് ഒരു ആഴ്ച പിന്നിടും മുൻപ് മെക്സിക്കോയിലെ യുവ മേയറെ തല അറുത്ത് മാറ്റി കൊല ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത് മുൻ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥനും. ഒക്ടോബർ ആറിന് മെക്സിക്കോയെ ഞെട്ടിച്ച കൊലപാതകത്തിലാണ് മുൻ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ ജെർമൻ റെയീസും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായിട്ടുള്ളത്.
ചില്‍പാസിംഗോ നഗരസഭ മേയറായ അലജാൻഡ്രോ ആർകോസിനെയാണ് ഒക്ടോബർ ആറിന് തല വെട്ടിമാറ്റി നിലയില്‍ കണ്ടെത്തിയത്.
ചില്‍പാസിംഗോയുടെ മേയറായി അധികാരമേറ്റ് ദിവസങ്ങള്‍ക്ക് മുൻപായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. നേരത്തെ പ്രാദേശിക ലഹരിമരുന്ന് വ്യാപാരി സംഘത്തെയും പണം തട്ടിപ്പ് സംഘത്തേയും കൊലപ്പെടുത്തിയ കേസില്‍ പഴി കേട്ടിട്ടുള്ള ഉദ്യോഗസ്ഥരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. നേരത്തെ ഗുരേരോയിലെ ഉന്നതപദവിയിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ജെർമൻ റെയീസ്. മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ജെർമൻ റെയീസ് വിരമിച്ച ശേഷമാണ് അഭിഭാഷകവൃത്തിയിലേക്ക് എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൈന്യത്തില്‍ ക്യാപ്ടനായി ജോലി ചെയ്തിരുന്ന ജെർമൻ റെയീസ് ഏതെങ്കിലും രീതിയില്‍ ലഹരി സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസുള്ളത്. മുൻ സൈനികരെ ഉന്നത പദവിയിലേക്ക് നിയമിക്കുന്ന മെക്സിക്കോയിലെ രീതിക്ക് തിരിച്ചടി നല്‍കുന്നതാണ് നിലവിലെ അറസ്റ്റെന്നാണ് പുറത്ത് വരുന്ന വിവരം. അഴിമതിക്ക് ഇത്തരം ഉദ്യോഗസ്ഥർ വളരെ കുറച്ച് മാത്രം വിധേയരാവുമെന്ന നിരീക്ഷണത്തിലാണ് മുൻ സൈനികരെ ഉന്നത തല പൊലീസ് പദവികളില്‍ മെക്സിക്കോ നിയമിക്കുന്നത്. ജെർമൻ റെയീസിനെ അറസ്റ്റ് രേഖപ്പെടുത്താനായി സൈന്യത്തിന്റേയും ദേശീയ സുരക്ഷാ ഏജൻസിയുടേയും അനുമതി അടക്കം മെക്സിക്കോ പൊലീസ് തേടിയിരുന്നു.