തിരുവനന്തപുരം: കൊടകര കള്ളപ്പണ കേസ് ഇനി എട്ടംഗ സംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച് ഡിജിപിയാണ് ഉത്തരവിറക്കിയത്. ഡിഐജി തൃശൂർ തോംസണ്‍ ജോസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഡിസിപി കൊച്ചി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘ തലവൻ.
കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂർ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്.