ബംഗളൂരു: നവംബർ 20ന് കർണാടകയില്‍ മദ്യവില്പന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരം. നവംബർ 20ന് മദ്യഷോപ്പുകള്‍ അടച്ചിടാൻ തീരുമാനിച്ചതായും സമരം കാരണം ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറല്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്ഡെ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കാരണം മദ്യവില്‍പ്പനക്കാർക്ക് മടുത്തു. ഉദ്യോഗസ്ഥരുടെ കൈക്കൂലി മൂലം സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പനയും വർധിച്ചു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുഖ്യമന്ത്രി സിദ്ധരാമയ്യ, എക്സൈസ്, പൊലീസ് വകുപ്പുകളുടെ യോഗം വിളിക്കണമെന്നും ഹെഗ്ഡെ പറഞ്ഞു. എക്സൈസ് വകുപ്പിനെ ധനകാര്യ വകുപ്പില്‍ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.