ഏറ്റുമാനൂർ : ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ നമ്പ്യാകുളത്തിനും കോതനെല്ലൂരിനുമിടയിലെ മുള്ളൻകുഴി പാലത്തിനു സമീപം റോഡിലേക്ക് മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. റോഡ് പുറമ്പോക്കിൽ നിന്ന തണൽ മരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. റോഡിലൂടെ കടന്നു പോവുകയായിരുന്ന ഇരുചക്ര വാഹനത്തിന് മേലാണ് മരം പതിച്ചത്. സംഭവത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരിൽ ഒരാൾക്ക് പരിക്ക് പറ്റി. ഇദ്ദേഹത്തെ ഏറ്റുമാനൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാലങ്ങളായി കേടുവന്ന നിലയിൽ നിന്നിരുന്ന മരം അപകട ഭീഷണി ഉയർത്തുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാൽ മരം മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടായിരുന്നില്ല. ഉണങ്ങി നിന്നിരുന്ന മറ്റൊരു മരം ഒടിഞ്ഞ് കേടുവന്ന മരത്തിന്മേൽ പതിച്ചതിനെ തുടർന്നാണ് വലിയ മര ശിഖരം റോഡിലേക്ക് പതിച്ചത്. സാധാരണ ഏറ്റവും കൂടുതൽ വാഹന തിരക്ക് അനുഭവപ്പെടാറുള്ള സമയത്താണ് മരത്തിന്റെ ശിഖരം റോഡിലേക്ക് വീണത്. എന്നാൽ കൂടുതൽ വാഹനങ്ങൾ അടിയിൽ പെടാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കേടു വന്ന മരത്തിന്റെ അവശേഷിക്കുന്ന ഭാഗം കൂടി മുറിച്ച് മാറ്റാൻ നടപടി കൊണ്ടാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.