ഇൻഡോർ: പരുക്കും ശസ്ത്രക്രിയയും ചികിത്സയും ഒക്കെയായി ഒരു വർഷത്തിലധികമായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഓള്‍റൗണ്ടറുടെ രൂപത്തിലാണെന്ന് വേണമെങ്കില്‍ പറയാം. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നാല് ആദ്യ ആദ്യ ഇന്നിങ്സ് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി, രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങി 37 റണ്‍സും നേടി.54 റണ്‍സിനു നാല് വിക്കറ്റ് നേടിയ ഷമിയുടെ കരുത്തില്‍ ബംഗാള്‍ 61 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തകർച്ച നേരിട്ട ബംഗാളിന് 337 റണ്‍സ് എന്ന മികച്ച ഓവറോള്‍ ലീഡ് നേടിക്കൊടുത്തത് പത്താം നമ്ബറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഷമിയാണ്.36 പന്ത് നേരിട്ട ഷമി രണ്ട് ഫോറും രണ്ടു സിക്സും സഹിതമാണ് 37 റണ്‍സെടുത്തത്. മുൻ ഇന്ത്യൻ താരം വൃദ്ധിമാൻ സാഹ 44 റണ്‍സും നേടി. 276 റണ്‍സിലാണ് ബംഗാളിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചത്.