ഒരു സെഞ്ച്വറിക്ക് ശേഷം പ്രതികരിച്ചപ്പോൾ കിട്ടിയത് രണ്ട് ഡക്ക് : ഇനി പ്രതികരിക്കാൻ ഇല്ല : ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വൻ്റി 20 സെഞ്ച്വറിക്ക് ശേഷം രസകരമായ പ്രതികരണവുമായി സഞ്ജു

ജോഹന്നാസ് ബർഗ് :ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം സെഞ്ച്വറി നേട്ടത്തെ കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് സഞ്ജു സാംസണ്‍.കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതല്‍ സംസാരിച്ചെന്നും എന്നാല്‍ അതിന് പിന്നാലെ രണ്ടു മത്സരങ്ങളില്‍ ഡക്കായെന്നും സ‍ഞ്ജു പറഞ്ഞു. ‘അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയുന്നില്ല. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച്‌ പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും’ തമാശ കലർത്തിയ ഭാഷയില്‍ സഞ്ജു പറഞ്ഞു.’ജീവിതത്തില്‍ ഞാൻ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയതിന് പിന്നാലെ രണ്ടു ഡക്കുകള്‍. അപ്പോഴും ഞാൻ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. തിരിച്ചുവരാന്‍ കഴിയുമെന്ന് സ്വയം വിശ്വസിച്ചു. മനസ്സില്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്തു. ഒരുപാട് ചിന്തകളിലൂടെയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് ചിന്തകള്‍ മാറ്റിവെച്ച്‌ പന്തുകള്‍ നേരിടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അത് വിജയിച്ചു,’ സഞ്ജു കൂട്ടിച്ചേർത്തു. തിലക് വർമയുമായുള്ള കൂട്ടുകെട്ടിനെ കുറിച്ചും സഞ്ജു പറഞ്ഞു. ‘തിലക് ചെറുപ്പമാണ്, ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരമാണ്, അദ്ദേഹത്തോടൊപ്പം ഇത്തരമൊരു കൂട്ടുകെട്ട് സൃഷ്ടിക്കാനായതില്‍ സന്തോഷമുണ്ടെന്നും’ സഞ്ജു പറഞ്ഞു.അതേ സമയം വാണ്ടറേഴ്സ് ഗ്രൗണ്ടില്‍ വണ്ടർ പ്രകടനവുമായി സഞ്ജു സാംസണും തിലക് വർമയും തകർത്താടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 135 റണ്‍സിന്റെ കൂറ്റൻ വിജയം നേടി. 56 പന്തുകള്‍ മാത്രം നേരിട്ട സഞ്ജുവിന്റെ ബാറ്റില്‍നിന്ന് 6 ഫോറുകളും 9 സിക്സറുകളും പറന്നു. തുടർച്ചയായ രണ്ടാം ട്വന്റി20 സെഞ്ച്വറി കുറിച്ച തിലക് വർമ 47 പന്തില്‍ 9 ഫോറും 10 സിക്സും ഉള്‍പ്പെടെയാണ് 120 റണ്‍സ് നേടിയത്. മത്സരത്തില്‍ അരഡസനോളം റെക്കോർഡുകളും സഞ്ജു സ്വന്തം പേരിലാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. ഇന്ത്യയുടെ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍-ബാറ്ററായും സഞ്ജു മാറി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.