ആലപ്പുഴ: കോമളപുരത്തും മണ്ണഞ്ചേരിയിലും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരില്‍ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയില്‍ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെല്‍വത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെല്‍വത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പില്‍ നിന്നും സാഹസികമായി പിടികൂടിയത്.
മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ചോദ്യംചെയ്യല്‍ തുടരുകയാണ്.
ആലപ്പുഴയിലെ കവർച്ചകളുടെ സിസിടിവി ദൃശ്യത്തിലെ സാമ്യം നോക്കിയാണ് സന്തോഷിനെ തേടി പോലീസ് എത്തിയത്. ഇയാള്‍ കൊച്ചിയില്‍ എത്തിയിട്ട് ആറുമാസത്തിലേറെയായതായി പൊലീസ് പറയുന്നു. കുണ്ടന്നൂരിലെ ബാറില്‍ ഇയാള്‍ പതിവായി എത്താറുണ്ടെന്നും, കുറുവാ സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തമാവൂ എന്നും പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ ചാടി പോവുകയായിരുന്നു. കുണ്ടന്നൂർ നഗരത്തില്‍ 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഈ പ്രദേശങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. കൈവിലങ്ങോടെയാണ് സന്തോഷ് ചാടിപ്പോയത്. അതേസമയം ഇവർ കുറുവാ സംഘത്തിലുളളതാണോ എന്നതില്‍ പൊലീസ് സ്ഥിരീകരണമായിട്ടില്ല. കുണ്ടന്നൂർ പാലത്തിനടിയില്‍ താമസിക്കുന്ന നാടോടി സംഘത്തിനൊപ്പം കുറുവാ സംഘത്തില്‍ പെട്ടവർ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.