പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പരിശീലന മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യൻ താരങ്ങളുടെ നിര നീളുകയാണ്. കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും സര്‍ഫറാസ് ഖാനുമെല്ലാം പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യൻ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ 22ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യവും ഉറപ്പില്ല.
ഇതോടെ ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ കളിച്ച ഇന്ത്യൻ എ ടീമിലെ രണ്ട് താരങ്ങളോട് ഓസ്ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ടീമിനായി കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ഓപ്പണര്‍ സായ് സുദര്ശന് എന്നിവരോടാണ് ഓസ്ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനായി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.