മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂർ സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തല്‍ കുളത്തിലിറങ്ങിയപ്പോള്‍ യുവതികള്‍ അപകടത്തില്‍ പെടുകയായിരുന്നു.
ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളില്‍ ഒരാള്‍ ആദ്യം അപകടത്തില്‍ പെട്ടു. വിദ്യാർത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തല്‍ക്കുളത്തിൻ്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. സംഭവത്തില്‍ ഉല്ലല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.