തിരുവനന്തപുരം : ഇന്നുമുതല്‍ നവംബർ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.ഇന്ന് തലസ്ഥാനം ഉള്‍പ്പെടെ മൂന്ന് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലർട്ട് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.അതേസമയം, കേരള – കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും എന്നാല്‍ ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നല്കി.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാർ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.അതേസമയം നാളെ മുതല്‍ നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മഴയില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്. വടക്കൻ ജില്ലകളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് മഴ വിട്ട് നില്കും. അതോടൊപ്പം പകല്‍ ചൂടും വർധിക്കും. തെക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ചുരുക്കം ചില മേഖലകളില്‍ ഒതുങ്ങുമെന്നും കാലാവസ്ഥാ നീരീക്ഷകർ വിലയിരുത്തുന്നു. നവംബർ 23’ന് ശേഷം ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മർദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായും സൂചനയുണ്ട്.