കൊച്ചി: പെരുമ്പാവൂർ കാളവയലിൽ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്കും ബൈക്കിനും മുകളിലേക്ക് തടി ലോറി മറിഞ്ഞ് അപകടം. റോഡിലെ കുഴിയില്‍ വീണ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനങ്ങള്‍ക്കുളളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
കന്നുകാലികളെ വാങ്ങാൻ പോയവരുടെ വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തടികള്‍ കയറ്റി വന്ന ലോറി കുഴിയില്‍ വീണതോടെ നിയന്ത്രണം വിട്ട് റോഡരികില്‍ നിർത്തിയിട്ടിരുന്ന ഒരു സ്വിഫ്റ്റ് കാറിനും, ഹ്യൂണ്ടായ് സാൻട്രോ കാറിനും രണ്ട് ബൈക്കുകള്‍ക്കും മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.