കൽപ്പറ്റ : വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ. ഒരു നാട് ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ മാത്രമാണ് തകർന്നതെന്നും മുരളീധരൻ പറഞ്ഞു. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ലെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ലഭിക്കാത്തതിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ മുരളീധന്റെ ആക്ഷേപവാക്കുകൾ.വയനാട് കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് നാട് മുഴുവൻ ഒലിച്ചുപോയി എന്നൊന്നും പറയരുതെന്ന് മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
നാടുമുഴുവൻ എന്ന വാക്കിനോടാണ് തന്റെ എതിർപ്പെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.214 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചോദിച്ചിരിക്കുന്നത്. 788 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കയ്യിലിരിക്കുകയാണ്. അതായത് എന്റെ കയ്യിൽ 800 കോടി ഇരിക്കുമ്പോളാണ് കേന്ദ്രം ഒന്നും തന്നിട്ടില്ലെന്ന് പറയുന്നത്. ഇപ്പോഴും മുഖ്യമന്ത്രി കടലാസ് കയ്യിൽ വെച്ചോണ്ടിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.തെരഞ്ഞടുപ്പിലെ ബിജെപി മുന്നേറ്റം തടയുന്നതിന് വേണ്ടിയാണ് വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.മുരളീധരന്റെ വാക്കുകൾക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ പ്രസ്താവന മര്യാദകേടാണെന്ന് കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ് പറഞ്ഞു. ദുരന്തബാധിതരെ അപമാനിക്കുന്ന പ്രസ്താവനയാണ് ഇത്. മൂന്ന് വാർഡിലുള്ളവർ മനുഷ്യരല്ലേ എന്നും ടി. സിദ്ദീഖ് ചോദിച്ചു.