കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കാൻ പദ്ധതിയിടുന്ന ടൗണ്‍ഷിപ്പിനായി മേപ്പാടി പഞ്ചായത്ത് പ്രാഥമിക പട്ടിക തയ്യാറാക്കി. 504 കുടുംബങ്ങളെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 983 കുടുംബങ്ങളാണ് ഇപ്പോള്‍ വാടക വീടുകളില്‍ താമസിക്കുന്നതെന്നാണ് കണക്ക്. പട്ടികയില്‍ ചർച്ച നടത്താൻ ദുരന്തബാധിതരുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ചിരിക്കുകയാണ് മേപ്പാടി പഞ്ചായത്ത്.
ഈ യോഗത്തില്‍ പട്ടികയെക്കുറിച്ച് ചർച്ച ചെയ്യും. ടൗണ്‍ഷിപ്പിനായി തയ്യാറാക്കിയ പ്രാഥമിക പട്ടികയില്‍ 520 കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 16 കുടുംബങ്ങളിലെ ആളുകള്‍ എല്ലാവരും മരിച്ചുപോയവരാണ്. ആ കുടുംബങ്ങളെ ഒഴിവാക്കിയാണ് 504 പേരുടെ പട്ടിയ തയ്യാറാക്കിയത്. സർക്കാർ നിർദേശപ്രകാരം മേപ്പാടി പഞ്ചായത്താണ് പട്ടിക തയ്യാറാക്കിയത്. ഇനി പട്ടികയിന്മേല് വിശദമായ ചർച്ച നടത്താനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.
അർഹരായ കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയിട്ടുണ്ടെങ്കില്‍ ആക്ഷേപം ഉന്നയിക്കാനും അവസരം നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ പുന്നപ്പുഴയില്‍ നിന്ന് 50 മീറ്റർ ദൂരപരിധി നിശ്ചയിച്ചാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതിയുടെ കരടു പട്ടിക ആയിട്ടില്ലെന്നും ചൊവ്വാഴ്ച സർവ്വകക്ഷി യോഗത്തിനുശേഷമേ കരടു പട്ടിക പൂർണ്ണമാകൂ എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പിനായുള്ള ഭൂമി നിയമക്കുരുക്കില്‍ പെട്ടുകിടക്കുന്നതിനാല്‍ അത് ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആയിട്ടില്ല.