കോഴിക്കോട് : അന്തരിച്ച നടൻ മേഘനാഥന് വിടനല്‍കി സിനിമാലോകം. മൃതദേഹം വൈകിട്ട് 3.30ഓടെ ഷൊർണൂരിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.തറവാട്ട് വീട്ടില്‍ പിതാവും വിഖ്യാത നടനുമായ ബാലൻ കെ നായരുടെ സ്മൃതി കുടീരത്തിന് സമീപത്തായാണ് അന്ത്യവിശ്രമം. കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.മൃതദേഹത്തില്‍ അന്തിമോപചാരമർപ്പിക്കാൻ സിനിമാ- സാംസ്കാരിക മേഖയിലെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. മുൻമന്ത്രി എ കെ ബാലൻ, എംഎല്‍എമാരായ പി മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാ താരങ്ങളായ സിജു വില്‍സണ്‍, കോട്ടയം നസീർ, സീമ ജി നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
നിരവധി ആരാധകരും നാട്ടുകാരും ആദരാഞ്ജലികള്‍ അർപ്പിക്കാനെത്തി.നടൻ ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥൻ. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1983ല്‍ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ പുഴയും കടന്ന്, ചെങ്കോല്‍, ഉത്തമൻ തുടങ്ങി 50ഓളം സിനിമകളിലും സീരിയലുകളിലും മേഘനാഥൻ വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്നേഹാജ്ഞലി, മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകള്‍. ഭാര്യ സുസ്മിത, മകള്‍ പാർവതി.ചെന്നൈയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാഥൻ, കോയമ്ബത്തൂരില്‍ നിന്ന് ഓട്ടോമൊബൈല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടർന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2022ല്‍ ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്.