പെർത്ത്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് കണക്ക് കൂട്ടലുകൾ പിഴയ്ക്കുന്നു. ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്തപ്പോൾ മുതൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര ശുഭമല്ല. കഷ്ടപ്പെട്ട് കളിച്ച ടീം ഇന്ത്യ സ്കോർ 150 ൽ എത്തിച്ചു. റിഷഭ് പന്തും (37), നിതീഷ് കുമാർ റെഡിയും (41), കെ.എൽ രാഹുലും (26) മാത്രമാണ് ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്തത്. സ്കോർ – ഇന്ത്യ 150.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബുംറ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പെർത്തിലെ പേസിനെ അനൂകൂലിക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റിംങ് എന്തിന് തിരഞ്ഞെടുത്തു എന്നത് അത്ഭുതമായിരുന്നു. രണ്ട് ഓവർ വരെ മാത്രം ആയുസുണ്ടായിരുന്ന ജയ്സ്വാൾ (0) സ്റ്റാർക്കിന്റെ പന്തിൽ മാക് സ്വേനിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ, രാഹുലും പടിക്കലും ചേർന്ന് കളി അതീവ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടു പോയി. 23 പന്തുകൾ നേരിട്ട പടിക്കലിന്റെ ഇന്നിംങ്സ് സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കയ്യിൽ അവസാനിച്ചു. പൂജ്യമായിരുന്നു പടിക്കലിന്റെ സ്കോർ. പടിക്കൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 14 റൺ മാത്രമാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ കോഹ്ലി ക്രീസിൽ എത്തി. മികച്ച ടച്ചുമായി കോഹ്ലി കളം നിറഞ്ഞതോടെ ആരാധകർക്കും പ്രതീക്ഷയായി. 12 പന്ത് നേരിട്ട കോഹ്ലി അഞ്ചു റൺ എടുത്തപ്പോഴേയ്ക്കും അപ്രതീക്ഷിതമായി തിരിച്ചടി വന്നു. അപ്രതീക്ഷിത ബൗൾസ് ലഭിച്ച ഹേസൽ വുഡിന്റെ പന്ത് ബാറ്റിൽ പതിച്ച ശേഷം സ്ലിപ്പിൽ ഖവാജയ്ക്ക് ക്യാച്ച്. വീണ്ടും നിരാശപ്പെടുത്തിയ കോഹ്ലി തലകുനിച്ച് മടങ്ങി. 32 ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി പന്തും , രാഹുലും ഒത്തു ചേർന്നു. എന്നാൽ, ആ പ്രതീക്ഷയ്ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 74 പന്ത് നേരിട്ട് വളരെ ക്ഷമയോടെ 26 റൺ എടുത്ത രാഹുലിന്റെ പ്രതിരോധം പിഴച്ചപ്പോൾ സ്റ്റാർക്കിന്റെ പന്ത് ക്യാരിയുടെ കയ്യിൽ. ഫീൽഡ് അമ്പയർ ഔട്ട് വിളിക്കാതിരുന്നപ്പോൾ, ഓസീസ് എടുത്ത റിവ്യു തുണച്ചു. അത് വരെ കളിയിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന രാഹുൽ പുറത്ത്.
യുവ അന്ത്യൻ പ്രതീക്ഷയായ ധ്രുവ് ജുവറൽ (11), 59ലും, വാഷിംങ്ടൺ സുന്ദർ (4) 73 ലും പുറത്തായതോടെ 100 കടക്കാതെ ഇന്ത്യയെ ഓസീസ് ചുരുട്ടിക്കെട്ടുമെന്ന് ഉറപ്പായി. എന്നാൽ, പന്തും പുതുമുഖം നിതീഷ്കുമാർ റെഡിയും ക്രീസിൽ ഒത്തു ചേർന്നതോടെ വീണ്ടും ഇന്ത്യയ്ക്ക് അൽപം പ്രതീക്ഷയുണ്ടായി. രണ്ടു പേരും ചേർന്ന് വളരെ കഷ്ടപ്പെട്ട് ഇന്ത്യയെ 100 കടത്തി. 121 ൽ പന്ത് കമ്മിൻസിന്റെ പന്തിൽ സ്മിത്തിന് പിടികൊടുത്താണ് മടങ്ങിയത്. ഏഴു റൺ കൂടി ചേർത്ത് ഹർഷിത് റാണ (7) മടങ്ങിയെങ്കിലും ആക്രമിച്ച് കളിച്ച നിതീഷ് ഇന്ത്യയെ 150 ൽ എത്തിച്ചു. ഇതിനിടെ ബുംറ (8) അതിവേഗം മടങ്ങി. അവസാന ബാറ്ററായി നിതീഷ് പുറത്താകുമ്പോൾ ഇന്ത്യ 150 ൽ എത്തിയിരുന്നു. ഒരു പന്ത് പോലും നേരിടാതിരുന്ന മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.