കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയില്‍ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിച്ചില്ലെന്നും, ഫോണ്‍ പോലും രാഹുല്‍ സ്വന്തം കയ്യിലാണ് വച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണ്‍ പോലും രാഹുല്‍ പൊട്ടിച്ചു കളഞ്ഞു. സമ്മർദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിൻവാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ ബോധിപ്പിച്ചു, മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസില്‍ നിന്ന് പിന്മാറിയതെന്നും അച്ഛൻ ചൂണ്ടിക്കാട്ടി.
പന്തീരാങ്കാവില്‍ പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സമാനമായ പരാതിയില്‍ നേരത്തെ പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഭക്ഷണത്തില്‍ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാർക്കൊപ്പം പൊലീസില്‍ പരാതി നല്‍കാൻ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാസങ്ങള്‍ക്ക് മുൻപ് യുവതി ഭർത്താവ് രാഹുല്‍ എതിരെ നല്‍കിയ സമാനമായ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിയില്‍ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരില്‍ പന്തിരങ്കാവ്‌എസ് എച്ച് ഒ യ്ക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. എന്നാല്‍ പിന്നീട് താൻ പരാതി നല്‍കിയത് വീട്ടുകാരുടെ പ്രേരണയെ തുടർന്നാണെന്നും രാഹുലിനൊപ്പം കഴിയാൻ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വരികയും പിന്നാലെ ഇരുവരും കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും പന്തിരങ്കാവിലെ വീട്ടില്‍ വീണ്ടും ഒരുമിച്ചായിരുന്നു താമസം.
ഇന്നത്തെ രാത്രി 8 മണിയോടെയാണ് ഭർതൃവീട്ടില്‍ നിന്ന് പരിക്കേറ്റേന്ന് പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭർത്താവ് രാഹുല്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രാത്രി പൊലീസ് മൊഴി എടുക്കാൻ എത്തിയെങ്കിലും യുവതി പരാതിക്ക് മുതിർന്നില്ല. രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്തു നിന്ന് വന്നു. രാവിലേ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തി ഭർതൃ പീഡനം ആരോപിച്ചു പരാതി നല്‍കി. വിശദമൊഴി എടുത്ത ശേഷമാണ് പൊലീസ് കേസ് എടുത്തത്. ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി. നിലവില്‍ രാഹുലിന് ഒപ്പം കഴിയാൻ താല്പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു.