സിനിമ ഡസ്ക് : നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി പി ആര് അരുണ്‍ സംവിധാനം ചെയ്ത വെബ് സിരീസ് ഫാര്‍മയുടെ വേള്‍ഡ് പ്രീമിയര്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍. നാളെ (27) വൈകിട്ട് 4.45 നാണ് സിരീസിന്റെ പ്രീമിയര്‍. ഡിസ്പി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സിരീസ് ആണ് ഇത്. 1000 ബേബീസിന് ശേഷമെത്തുന്ന മലയാളത്തിലെ അവരുടെ സിരീസും.തന്റെ ഇരുപതുകളില്‍ ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ആരംഭിക്കുന്ന കേന്ദ്ര കഥാപാത്രത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്ഡസ്ട്രിയിലെ അധാര്‍മ്മികതയെക്കുറിച്ച് സംസാരിക്കുന്ന സിരീസ് ആണിത്.
പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ. രാജീവ് റാവു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍ ഈ സിരീസിലൂടെ. അഗ്നിസാക്ഷിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് ശ്രീജിത് സാരംഗ്. ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയായാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നിവിന്‍ പോളി പറഞ്ഞിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയതിന്റെ 25-ാം വര്‍ഷം മലയാളത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് രജിത് കപൂറിന്. നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റ് എന്നായിരുന്നു നേരത്തെ ഫാര്‍മയെക്കുറിച്ച് സംവിധായകന്റെ പ്രതികരണം.