ആലപ്പുഴ : ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്കൂളിന് അവധി നൽകി. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പ്ലസ് വൺ സയൻസ് ബാച്ച് വിദ്യാർത്ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്സിൻ (16), അഭിനവ് ജോസഫ് (16), ആർ പി റിജോ (16), ഷാരോൺ ടി ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സതേടിയത്.ഇതിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ നിരീക്ഷണമുറിയിൽ ഇരുത്തി ചികിത്സനൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കൽ സംഘം സ്കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ദേശീയവിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നൽകാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു. വിദ്യാർത്ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്.